ലുധിയാന: ലുധിയാന വാതക ചോർച്ചാ ദുരന്തത്തിൽ ജീവൻ നഷ്ടമായ പതിനൊന്ന് പേരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ. സ്വമേധയാ എടുത്ത കേസിലാണ് നടപടി. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ എട്ടംഗ വസ്തുതാന്വേഷണ സമിതിയെയും ട്രിബ്യൂണൽ നിയോഗിച്ചു. നേരത്തെ 2 ലക്ഷം രൂപ വീതമാണ് പഞ്ചാബ് സർക്കാർ സഹായധനം പ്രഖ്യാപിച്ചിരുന്നത്.

ഏപ്രിൽ 30 ന് രാവിലെ ഏഴേകാലോടെയാണ് ഗിയാസ്പുരയിലെ ഗോയൽ മിൽക്ക് പ്ലാന്റില് വാതകം ചോർന്നത്. 300 മീറ്റർ ചുറ്റളവിൽ വാതകം പടർന്നു. മരിച്ചവരിൽ ഒരു കുടുംബത്തിലെ നാല് പേരും മൂന്ന് കുട്ടികളും ഉൾപ്പെടും. വിഷവാതകമാണ് ചോർന്നതെന്നും മരിച്ചുവീണവരുടെ മൃതദേഹങ്ങൾ നീല നിറത്തിലായെന്നും പ്രദേശവാസികൾ പറഞ്ഞു.

പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഉടൻ പ്രദേശവാസികളെ ഒഴിപ്പിച്ചു. സമീപത്തെ മാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥലം സീൽ ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. മാൻഹോളിലെ മീഥെയ്‌നുമായി ഫാക്ടറിയിലെ രാസവസ്തു കലർന്നതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ലുധിയാന ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.