റാഞ്ചി: അപകീർത്തി കേസുകൾ രാഹുൽ ഗാന്ധിയെ വലിയ കുരുക്കിലാക്കിയിരിക്കുകയാണ്. ഏറ്റവുമൊടുവിൽ മോദി സർനെയിം കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന് കാണിച്ച് രാഹുൽ നൽകിയ ഹർജി തള്ളി. റാഞ്ചിയിലെ എംപി/എംഎൽഎ കോടതിയാണ് അപേക്ഷ തള്ളിയത്. റാഞ്ചിയിൽ പ്രദീപ് മോദി എന്ന വ്യക്തിയാണ് രാഹുലിന് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

2019ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ നടത്തിയ പരാമർശം മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഇതേപരാമർശത്തിലാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. തുടർന്ന് രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്നും അയോഗ്യനാക്കിയിരുന്നു.

പരാതിയിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എച്ച് എച്ച് വർമയാണ് ശിക്ഷ വിധിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകത്തിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ 'എല്ലാ കള്ളന്മാർക്കും മോദിയെന്ന പൊതുപേരുണ്ടായത് എങ്ങനെ?'- എന്ന പരാമർശമാണ് കേസിന് ആധാരം. പ്രസ്താവനയിലൂടെ രാഹുൽ മോദി സമുദായത്തെയാണ് അക്ഷേപിച്ചതെന്ന് ആരോപിച്ചാണ് പൂർണേഷ് മോദി മാനനഷ്ടക്കേസ് നൽകിയത്. അപകീർത്തി കേസിലെ ഐപിസി 499, 500 വകുപ്പുകൾ പ്രകാരം പരമാവധി ശിക്ഷയായ രണ്ടുവർഷം തടവാണ് വിധിച്ചത്.