ബെംഗളൂരു: മഴ ലഭിക്കാൻ വിചിത്രമായ ആചാരം. പ്രദേശത്ത് മഴപെയ്യിക്കാൻ രണ്ട് ആൺകുട്ടികളുടെ 'വിവാഹം നടത്തി' കർണാടകയിലെ ഒരു ഗ്രാമം. പ്രതീകാത്മകമായായിരുന്നു വിവാഹച്ചടങ്ങുകൾ നടത്തിയത്. മാണ്ഡ്യയിലെ ഗംഗേനഹള്ളിയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്.

വെള്ളിയാഴ്ച രാത്രിയിലായിരുന്നു ചടങ്ങ്. ആൺകുട്ടികളിൽ ഒരാളെ പെൺകുട്ടിയായി വേഷം കെട്ടിച്ച് വധുവായും മറ്റെയാളെ വരനായും പാരമ്പര്യരീതിയിൽ ഒരുക്കിയായിരുന്നു ചടങ്ങുകൾ. പങ്കെടുത്തവർക്കായി ഗംഭീരസദ്യയും ഒരുക്കിയിരുന്നു.

കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ അളവിൽ മഴ ലഭിച്ചതിനെ തുടർന്നാണ് ദേവതമാരെ പ്രീതിപ്പെടുത്താനുള്ള തീരുമാനത്തിൽ ഗ്രാമവാസികളെത്തിയത്. വിവാഹച്ചടങ്ങിന് ശേഷം ഗ്രാമവാസികൾ ഒന്നിച്ച് പ്രത്യേക പ്രാർത്ഥനയും നടത്തി.