വഡോദര: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന വൻതുക തട്ടാൻ ശ്രമിച്ച വഡോദര സ്വദേശി അറസ്റ്റിൽ. താൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉപദേഷ്ടാവാണെന്നായിരുന്നു ഇയാൾ മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്. വഡോദര സ്വദേശിയായ മായങ്ക് തിവാരിയാണ് ആൾമാറാട്ടത്തിന് പിടിയിലായത്. വ്യാജ തിരിച്ചറിയൽ രേഖയും ഇയാളുടെ കൈവശമുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ ഉദ്യോഗസ്ഥൻ ചമഞ്ഞ് രണ്ട് കുട്ടികൾക്ക് ഗുജറാത്തിലെ സ്വകാര്യ സ്‌കൂളിൽ ഇയാൾ പ്രവേശനം തരപ്പെടുത്തി നൽകുകയും ചെയ്തിരുന്നു. ഇത് ഉപയോഗിച്ച് പല ആനുകൂല്യങ്ങളും ഇയാൾ നേടിയെടുത്തു എന്നാണ് വിവരം.

കുടുംബ സുഹൃത്തായ സൈനിക ഉദ്യോഗസ്ഥന്റെ മക്കൾക്കാണ് ഇയാൾ സ്‌കൂൾ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് അഡ്‌മിഷൻ നേടി കൊടുത്തത്. സർക്കാരിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിൽ സ്‌കൂളിനെ ഭാഗമാക്കാമെന്ന് ഇയാൾ വാഗ്ദാനം നൽകുകയും ചെയ്തു. ഇതിനായി വൻതുക സ്‌കൂൾ അധികൃതരിൽ നിന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ പിന്നീട് സംശയം തോന്നിയ അധികൃതർ ഇയാളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയും മായങ്ക് തിവാരി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനല്ലായെന്ന് കണ്ടെത്തുകയുമായിരുന്നു.

തുടർന്ന് സ്‌കൂൾ അധികൃതർ നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഇയാൾക്കെതിരെ വിശ്വാസവഞ്ചനയുൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കുറച്ചു മാസങ്ങൾക്കു മുമ്പ് സമാനമായ കേസിൽ അഹമ്മദാബാദ് സ്വദേശിയായ കിരൺ പട്ടേൽ എന്നയാളും പൊലീസിന്റെ പിടിയിലായിരുന്നു