- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പൂരിൽ സൈന്യത്തെ വളഞ്ഞത് സ്ത്രീകൾ അടക്കം 1200 പേർ; ഒരു ദിവസത്തോളം നീണ്ട പ്രതിഷേധം; 12 അക്രമികളെ വിട്ടയച്ചു; ജനക്കൂട്ടം തടയുന്നതിന്റെ വിഡിയോ പുറത്തുവിട്ടു
ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളുടെ നേതൃത്വത്തിൽ ആയിരത്തി ഇരുന്നൂറോളം പേരുടെ പ്രതിഷേധത്തെത്തുടർന്ന് 12 അക്രമണകാരികളെ സൈന്യം വിട്ടയച്ചു. കലാപകാരികളായ കെ.വൈ.കെ.എൽ. പ്രവർത്തകരെയാണ് ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് സൈന്യം വിട്ടയച്ചത്. പ്രദേശത്ത് നിന്ന് സൈന്യം പിന്മാറിയതായും പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഒരു ദിവസത്തോളം ഇരുകൂട്ടരും മുഖാമുഖം നിന്നതോടെ പിടിയിലായവരെ വിട്ടുകൊടുക്കാൻ സൈന്യം നിർബന്ധിതരായി. ജനക്കൂട്ടം തടയുന്നതിന്റെ വിഡിയോ കരസേന പുറത്തുവിട്ടു.
കെവൈകെഎൽ സംഘമാണ് 2015ൽ സൈന്യത്തിന്റെ 6 ഡോഗ്ര യൂണിറ്റിനുനേർക്ക് ആക്രമണം നടത്തിയത്. അതേസമയം, സൈന്യത്തെ വളഞ്ഞവരിൽ 1500ൽപരം ജനങ്ങളുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. വനിതകളാണ് ഈ സംഘത്തെ നയിച്ചത്. ദോഗ്ര ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സ്വയം പ്രഖ്യാപിത ലഫ്. കേണൽ മൊയ്റംഗ്തം താംബ (ഉത്തം) എന്നയാളെയും സൈന്യം പിടികൂടിയിരുന്നു. ഇയാളെയും വിട്ടുകൊടുക്കേണ്ടിവന്നു.
ഇതാം ഗ്രാമത്തിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് കലാപകാരികളായ 12 പേരെ പിടികൂടിയത്. എന്നാൽ ശക്തമായ പ്രതിഷേധമാണ് ഇതിന് പിന്നാലെ അരങ്ങേറിയത്. തുടർന്ന്, 'സാധാരണക്കാരായ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കരുത്' എന്നുള്ളതിനാൽ സൈന്യം പിന്മാറുകയായിരുന്നു. 'വലിയൊരു കൂട്ടം പ്രതിഷേധക്കാരോട് ഏറ്റുമുട്ടുന്നത് വൻ തോതിൽ അത്യാഹിതങ്ങൾക്കിടയാക്കുമെന്നും അത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടി തങ്ങൾ പിടിച്ച 12 കലാപകാരികളേയും പ്രാദേശിക നേതാക്കൾക്ക് കൈമാറുന്നു' - സൈന്യം വ്യക്തമാക്കി. പക്വമായ തീരുമാനമെന്ന് സൈന്യം അറിയിച്ചു.
അതേസമയം കലാപത്തീ അണയാത്ത മണിപ്പുരിൽ മന്ത്രിയുടെ സ്വകാര്യഗോഡൗൺ തീവ്രവാദികൾ കത്തിച്ചു. ഉപഭോക്തൃ-ഭക്ഷ്യ മന്ത്രി എൽ. സുശീൽദ്രോ മെയ്ത്തിയുടെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സ്വകാര്യ ഗോഡൗണാണ് കത്തിച്ചത്. ഖുറൈയിലെ അദ്ദേഹത്തിന്റെ വീടിനും മറ്റൊരു വസ്തുവിനും വെള്ളിയാഴ്ച രാത്രി തീയിടാൻ ശ്രമിച്ചു. സുരക്ഷാസേന കുതിച്ചെത്തി നീക്കംതടയുകയും അക്രമികളെ ഓടിക്കുകയും ചെയ്തു. സംഭവത്തിൽ ആളപായമില്ല.
ഖുറൈയിൽ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാസേന അർധരാത്രിവരെ ഒട്ടേറെത്തവണ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. മേഖലയിൽ സുരക്ഷാസന്നാഹം കർക്കശമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മണിപ്പുരിൽ മൂന്നാമത്തെ മന്ത്രിയുടെ വസ്തുവകകളാണ് കലാപകാരികളുടെ ആക്രമണത്തിനിരയായത്. ജൂൺ 16-ന് വിദേശകാര്യ സഹമന്ത്രി ആർ.കെ. രഞ്ജൻ സിങ്ങിന്റെ ഇംഫാൽ നഗരത്തിലെ വീട് ആയിരത്തിലേറെ വരുന്ന അക്രമിസംഘം കത്തിച്ചിരുന്നു. അതിന് രണ്ടുദിവസംമുൻപ് സംസ്ഥാനത്തെ ഏകവനിതാമന്ത്രി നെംച കിപ്ഗെനിന്റെ ഔദ്യോഗികവസതി അക്രമികൾ കത്തിച്ചു.
മെയ്ത്തി സമുദായം പട്ടികവർഗപദവി ആവശ്യപ്പെടുന്നതിൽ പ്രതിഷേധിച്ച് കുക്കി വിഭാഗക്കാർ കഴിഞ്ഞ മാസമാദ്യം സംഘടിപ്പിച്ച 'ആദിവാസി ഐക്യദാർഢ്യ മാർച്ചി'നിടെയുണ്ടായ സംഘർഷമാണ് മണിപ്പുരിൽ വംശീയകലാപത്തിലേക്ക് വഴുതിയത്. നൂറിലേറെപ്പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരങ്ങൾ അഭയാർഥികളായി. മണിപ്പുരിൽ സംഘർഷം തുടരുകയാണെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമബാധിത ജില്ലകളിൽ സുരക്ഷാസന്നാഹം ശക്തമാക്കിയിട്ടുണ്ട് -പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ