- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഒരു രാജ്യത്ത് പല നിയമങ്ങൾ വേണ്ട; ഏക സിവിൽകോഡ് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥം'; ഏക സിവിൽ കോഡുമായി കേന്ദ്രസർക്കാർ മുന്നോട്ടെന്ന് കേന്ദ്രമന്ത്രി രാജ് നാഥ് സിങ്
ന്യൂഡൽഹി: ഏകസിവിൽ കോഡുമായി കേന്ദ്രസർക്കാർ മുൻപോട്ടെന്ന് സൂചന നൽകി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഏക സിവിൽകോഡ് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും ഒരു രാജ്യത്ത് പല നിയമങ്ങൾ വേണ്ടെന്നും പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് വ്യക്തമാക്കി. ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളായ അയോധ്യയിലെ രാമക്ഷേത്രവും, കശ്മീർ പുനഃസംഘടനയും സർക്കാർ യാഥാർത്ഥ്യമാക്കി. ഇനി മുൻപിലുള്ളത് ഏകസിവിൽ കോഡാണെന്നും രാജ് നാഥ് സിങ് വ്യക്തമാക്കി കഴിഞ്ഞു.
ഏക സിവിൽ കോഡ് നടപ്പാക്കുന്നത് വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നിയമമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി പറഞ്ഞത് വെറുതയല്ലെന്ന തുടർ സൂചനകൾ നൽകിയാണ് ഏകസിവിൽ കോഡിൽ സർക്കാരിന്റെ നീക്കങ്ങൾ. നിയമകമ്മീഷൻ പൊതുജനാഭിപ്രായം തേടുന്നതിനിടെയാണ് നിയമമന്ത്രിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. അടുത്തമാസം തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിർണ്ണായക നീക്കങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെ കൂടിക്കാഴ്ചക്ക് പ്രധാന്യം ഏറെയാണ്. ഒരു രാജ്യത്ത് പല നിയമങ്ങൾ വേണ്ടെന്ന പ്രതികരണത്തിലൂടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും സർക്കാരിന്റെ മനസിലിരുപ്പ് വ്യക്തമാക്കുന്നു.
സർക്കാർ നീക്കത്തിനെതിരെ കൂടുതൽ പ്രതിപക്ഷ പാർട്ടികൾ നിലപാട് കടുപ്പിച്ചു. പാറ്റ്നയിലെ പ്രതിപക്ഷ യോഗത്തിൽ പരിഭ്രാന്തനായ മോദി, വർഗീയ വിദ്വേഷവും ആശയക്കുഴപ്പവും ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും, ജനം പാഠം പഠിപ്പിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആഞ്ഞടിച്ചു. ഒരു പടി കൂടി കടന്ന് ഏകസിവിൽ കോഡ് നടപ്പാക്കിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷനും,ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂക്ക് അബ്ദുള്ള മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന കൊടുങ്കാറ്റിനെ കൂടി നേരിടാൻ കേന്ദ്രസർക്കാർ തയ്യാറായിക്കൊള്ളൂവെന്ന് ഏകസിവിൽ കോഡിനെ എതിർത്ത് ജമ്മു കശ്മീർ മുന്മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള മുന്നറിയിപ്പ് നൽകി
ഏകസിവിൽ കോഡിനെ പിന്തുണച്ച് പ്രതിപക്ഷ നിരയിൽ ആശയക്കുഴപ്പത്തിന് ശ്രമിച്ച ആംആദ്മി പാർട്ടിക്ക് ആ നിലപാട് പക്ഷേ പഞ്ചാബിൽ ആപ്പായേക്കും. കെജരിവാളും ബിജെപിയും ഒന്നാണെന്ന പ്രചാരണം ശിരോമണി അകാലിദൾ ശക്തമാക്കി. പഞ്ചാബ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസ്താവനയിറക്കി പ്രതിഷേധിച്ചു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അജണ്ട അംഗീകരിക്കില്ലെന്ന് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്