- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉഭയസമ്മതത്തോടെ ലൈംഗികബന്ധം: കുറഞ്ഞപ്രായം 18 വയസ്സായി ഉയർത്തിയത് സാമൂഹികഘടനയെ ബാധിച്ചു; 16 ആയി കുറക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി
ന്യൂഡൽഹി: ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കുറഞ്ഞ പ്രായം 18 വയസ്സിൽ നിന്നും 16 ആയി കുറക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള കുറഞ്ഞ പ്രായം 18 ആയി ഉയർത്തിയത് സാമൂഹികഘടനയെ ബാധിച്ചതായതും ഹൈക്കോടതിയിലെ ജസ്റ്റിസ് ദീപക് കുമാർ അഗർവാൾ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പ് പ്രകാരം 18 വയസിൽ താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കുറ്റകരമാണ്.
സാമൂഹികമാധ്യമങ്ങളിൽനിന്നും ഇന്റർനെറ്റ് സൈറ്റുകളിൽനിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പതിനെട്ട് വയസ്സിന് താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടെന്ന് ജസ്റ്റിസ് ദീപക് കുമാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള കുറഞ്ഞ പ്രായം 18-ൽനിന്ന് 16 ആയി കുറക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് മധ്യപ്രദേശ് ഹൈക്കോടതി അഭ്യർത്ഥിച്ചത്.
ക്രിമിനൽ നിയമത്തിൽ 2013-ൽ കൊണ്ടുവന്ന ഭേദഗതിപ്രകാരമാണ് ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള കുറഞ്ഞ പ്രായം 16-ൽനിന്ന് 18 ആയി ഉയർത്തിയത്. നേരത്തേ മദ്രാസ് ഹൈക്കോടതിയും ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള കുറഞ്ഞ പ്രായം 16 ആയി കുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം ഒരു നിർദ്ദേശം പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
ലൈംഗിക ബന്ധത്തിന് അനുമതി നൽകാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സിൽനിന്ന് 16 ആയി കുറയ്ക്കുന്നത് സംബന്ധിച്ച് നിയമ കമ്മീഷൻ അഭിപ്രായമാരാഞ്ഞതിന് പിന്നാലെ മേഘാലയ ഹൈക്കോടതിയും സമാനമായ പരാമർശം നടത്തിയിരുന്നു. പതിനാറ് വയസുകാരിയായ പെൺകുട്ടിക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്നായിരുന്നു കോടതി വിധി. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കാമുകനെതിരെയുള്ള പോക്സോ കേസ് കോടതി കേസ് റദ്ദാക്കിയിരുന്നു.
തങ്ങൾ പ്രണയത്തിലാണെന്നും തന്റെ ഇഷ്ടപ്രകാരമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ച് യുക്തമായ തീരുമാനമെടുക്കാനുള്ള കഴിവ് 16കാരിയായ പെൺകുട്ടിക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലാണ്. അതുകൊണ്ട് തന്നെ ലൈംഗികബന്ധം പരസ്പര സമ്മത പ്രകാരമായിരുന്നു.
പ്രണയ ബന്ധത്തിലുള്ള കൗമാരക്കാരായ പെൺകുട്ടികളുടെ വീട്ടുകാരുടെ പരാതിയിലെടുക്കുന്ന പോക്സോ കേസുകൾ വർധിക്കുകയാണ്. പോക്സോ കേസ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യാതിരിക്കാനായി നിയമത്തിൽ ഭേദഗതി കൊണ്ടുവരേണ്ടത് ആവശ്യമാണ് എന്നും കോടതി നിരീക്ഷിച്ചു.
ന്യൂസ് ഡെസ്ക്