ന്യൂഡൽഹി: യാത്രക്കാർ കുറവുള്ള ട്രെയിനുകളിലെ എസി ചെയർകാർ, എക്സിക്യുട്ടീവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയിൽവേ. റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി. വന്ദേഭാരത് ഉൾപ്പെടെ അനുഭൂതി, വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിനുകളിലാണ് ഇളവു ബാധകമാകുക. ഇക്കാര്യത്തിൽ സോണുകൾക്ക് തീരുമാനമെടുക്കാമെന്നാണ് നിർദ്ദേശം.

കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളാകും 25 ശതമാനം വരെയുള്ള നിരക്കിളവിന് പരിഗണിക്കുക. കുറഞ്ഞ നിരക്ക് ഉടനടി പ്രാബല്യത്തിൽ വരുമെന്നും റെയിൽവേ ബോർഡ് അറിയിച്ചു. അടിസ്ഥാന നിരക്കിൽ മാത്രമാകും 25 ശതമാനം വരെ ഇളവ് ലഭിക്കുക. റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർചാർജ്, ജിഎസ്ടി തുടങ്ങിയിൽ ഇളവ് ലഭിക്കില്ല.

നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകളിൽ ഇളവ് ലഭിക്കില്ല. അവധിക്കാല-ഉത്സവ പ്രത്യേക ട്രെയിനുകളിലും നിരക്കിളവ് ബാധകമല്ലെന്ന് റെയിൽവേ വ്യക്തമാക്കി. റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർചാർജ്, ജിഎസ്ടി മുതലായവ ബാധകമായ മറ്റ് നിരക്കുകൾ പ്രത്യേകം ഈടാക്കും. താമസത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും അല്ലെങ്കിൽ എല്ലാ ക്ലാസുകളിലും കിഴിവ് നൽകാം. ഈ സ്‌കീമിന്റെ വ്യവസ്ഥ 1 വർഷം വരെ ബാധകമായിരിക്കും.

വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ നിരക്കിളവ് ബാധകമാണെങ്കിലും കേരളത്തിലോടുന്ന വന്ദേഭാരത് യാത്രക്കാർക്ക് നിരക്കിളവ് ഉണ്ടാകാൻ സാധ്യതയില്ല. രാജ്യത്ത് ഓടുന്ന വന്ദേഭാരതുകളിൽ കേരളത്തിലോടുന്ന ട്രെയിനാണ് യാത്രക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനത്ത് നിൽക്കുന്നത്. കാസർകോട്-തിരുവനന്തപുരം റൂട്ടിൽ 183 ശതമാനമാണ് ശരാശരി യാത്രക്കാർ. തിരുവനന്തപുരം-കാസർകോട് റൂട്ടിൽ 176 ശതമാനവും.