കൊൽക്കത്ത: ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടാ സംഘർഷത്തിനിടെ വെടിവെയ്പിലും ആക്രമണത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. ആറ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഒരു ബിജെപി. പ്രവർത്തകനും ഒരു സിപിഎം. പ്രവർത്തകനും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബംഗാളിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊട്ടിപ്പുറപ്പെട്ട സംഘർഷം പോളിങ് ദിനത്തിൽ വ്യാപക അക്രമത്തിൽ കലാശിക്കുകയായിരുന്നു.

ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ പരസ്പരം പഴിചാരി ബിജെപിയും തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. ബിജെപി. പോളിങ് ഏജന്റായ മദ്ഹബ് വിശ്വാസാണ് കൊല്ലപ്പെട്ടത്. ബിശ്വാസ് പോളിങ് ബൂത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തൃണമൂൽ പ്രവർത്തകർ തടയാൻ ശ്രമിച്ചുവെന്നും ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നുമാണ് ബിജെപിയുടെ ആരോപണം. എന്നാൽ തൃണമൂൽ ആരോപണം നിഷേധിച്ചു.

അതിനിടെ തൃണമൂൽ പ്രവർത്തകർ കൊല ചെയ്യപ്പെട്ടുവെന്നും ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ കേന്ദ്രസേനയുടെ പരാജയമാണ് ഇത് വ്യക്തമാക്കുന്നതെന്നുമാരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും മന്ത്രിയുമായ ശശി പഞ്ച രംഗത്തെത്തി. ആവശ്യമായ ഘട്ടത്തിൽ കേന്ദ്രസേന എവിടെയാണ്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ അവരുടെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതര വീഴ്ചയിലേക്കാണ് സംഭവങ്ങൾ വിരൽ ചൂണ്ടുന്നതെന്നും തൃണമൂൽ ആരോപിച്ചു.

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ സഖ്യം തങ്ങളുടെ നേതാക്കളെ കൂട്ടത്തോടെ ആക്രമിക്കുകയാണെന്നും ബിജെപിയേയും കോൺഗ്രസിനേയും സിപിഎമ്മിനേയും പ്രീതിപ്പെടുത്തുന്നതിൽ മാത്രമാണ് കേന്ദ്രസേനയ്ക്ക് താത്പര്യമെന്നും തൃണമൂൽ കുറ്റപ്പെടുത്തി. കേന്ദ്രസേനയല്ല ജനങ്ങളാണ് വോട്ട് നൽകേണ്ടതെന്ന വസ്തുത മറന്നു പോവരുതെന്നും തൃണമൂൽ വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ ബൂത്തുകൾ പ്രവർത്തകർ കയ്യേറി അടിച്ച് തകർക്കുന്ന സ്ഥിതിയുണ്ടായി. പലയിടങ്ങളിലും ബാലറ്റ് പേപ്പറുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. ബാലറ്റ് പെട്ടികളിൽ ബിജെപി വെള്ളം ഒഴിച്ചു നശിപ്പിച്ചതായും തൃണമൂൽ ആരോപിച്ചു.