- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ കുറവ്; ടിക്കറ്റ് കിട്ടാനില്ല; കെഎസ്ആർടിസിയും സ്‌പെഷ്യൽ സർവീസിന് മടിക്കുന്നു; കൊള്ളയടിക്കാൻ പ്രൈവറ്റ് ബസുകൾ; ഓണക്കാലത്ത് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളികൾ ദുരിതത്തിൽ
ചെന്നൈ: സ്‌പെഷ്യൽ സർവീസുകളിൽ അടക്കം ടിക്കറ്റുകൾ ലഭിക്കാതെ വന്നതോടെ ഓണക്കാലത്ത് നാട്ടിലെത്താൻ വഴിയില്ലാതെ നട്ടംതിരിഞ്ഞ് തമിഴ്‌നാട്ടിലും കർണാടകയിലുമടക്കം കഴിയുന്ന മലയാളികൾ. ഉത്സവ സീസണിലെ ടിക്കറ്റ് വർധനയുടെ കാലത്ത് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
പത്ത് ലക്ഷത്തിലേറെ മലയാളികളാണ് തമിഴ്‌നാട്ടിൽ പഠനാവശ്യത്തിനും ജോലി ആവശ്യത്തിനുമായുള്ളത്. ഓണക്കാലത്താണ് ഇവരിൽ പലരും നാട്ടിലെത്താറുള്ളത്. ഉത്സവ സീസണായിട്ടും സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ വിരലിൽ എണ്ണാൻ പോലുമില്ലെന്നതാണ് സ്ഥിതി.
ഓഗസ്റ്റ് 22 നും 29 നും ചെന്നൈയിൽ നിന്നുള്ള സ്പെഷൽ ട്രെയിൻ നാട്ടിലെത്താനാഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടില്ലെന്നും ആക്ഷേപമുണ്ട്. കെഎസ്ആർടിസിയും ഓണം സ്‌പെഷ്യൽ സർവീസിന് മടിക്കുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് സ്വിഫ്റ്റ് ഗരുഡ ബസ് മാത്രമാണുള്ളത്. ഓഗസ്റ്റ് 25നും 26 നും തിരുവനന്തപുരത്തിന് മധുര വഴി സ്‌പെഷ്യൽ ബസുണ്ട്.
തമിഴ്‌നാട് ചുറ്റി പോകുന്നതിനാൽ ഇത് മലയാളികൾക്ക് പ്രയോജനപ്പെടില്ല. ഓണം കഴിഞ്ഞുള്ള സർവീസിനെ കുറിച്ച് ഒരു അറിയിപ്പുമില്ല. പഠിക്കുന്നവർക്കും മിക്ക കുടുംബങ്ങൾക്കും വിമാനയാത്ര പ്രായോഗികമല്ല. കഴുത്തറപ്പൻ നിരക്കുമായി ചൂഷണം ചെയ്യാൻ സ്വകാര്യ ബസ് ലോബി പ്രവർത്തിക്കുകയാണെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്. കേരള സർക്കാർ സമ്മർദം ചെലുത്തണമെന്ന് ചെന്നെയിൽ നിന്നുള്ള മലയാളികൾ ആവശ്യപ്പെടുന്നത്.
അതേ സമയം സമാനമായ സ്ഥിതിയാണ് ബെംഗ്ലൂരു മലയാളികളും അനുഭവിക്കുന്നത്. കോഴിക്കോട് നിന്നും ബെംഗ്ലൂരുവിലേക്ക് ട്രെയിൻ സർവീസ് കുറവായതിനാൽ യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ ബസ് സർവീസുകളെയാണ്. ഓണക്കാലമായതോടെ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായി വർധിപ്പിച്ചിരിക്കുകയാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ. 700 രൂപ മുതൽ 1500 രൂപ വരെയായിരുന്ന ടിക്കറ്റ് നിരക്ക് ഓണത്തോടടുപ്പിച്ച ദിവസങ്ങളിൽ 2500 രൂപ വരെയായി ഉയർന്നിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം.
മറുനാടന് ഡെസ്ക്