ന്യൂഡൽഹി: ഡൽഹിയെ നടുക്കി വീണ്ടും അരുംകൊല. ബൈക്കിൽ സഞ്ചരിക്കവെ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിൽ മാനേജരായ ഹർപ്രീത് ഗിൽ(36) ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് ഗോവിന്ദ് സിങ്ങിനും വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം എൽ.എൻ.ജി.പി. ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി ഭജൻപുരയിൽ സുഭാഷ് വിഹാറിന് സമീപമാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഹർപ്രീതും സുഹൃത്തും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അഞ്ചംഗസംഘം ഇവരെ തടഞ്ഞുനിർത്തുകയും വെടിയുതിർക്കുകയുമായിരുന്നു. തലയ്ക്ക് വെടിയേറ്റ ഹർപ്രീത് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സുഹൃത്തായ ഗോവിന്ദിന് വലതുചെവിയിലാണ് വെടിയേറ്റത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്. പ്രതികളെ തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.