ഇൻഡോർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ 'ഇന്ത്യ' സഖ്യത്തിലെ പാർട്ടികൾ സീറ്റുകൾക്കായി പോരാട്ടം തുടങ്ങുമെന്ന് കേന്ദ്രമന്ത്രി നാരായൺ റാണെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം നിൽക്കാൻ പ്രാപ്തിയുള്ള ഒരു നേതാവ് പോലും പ്രതിപക്ഷത്ത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇൻഡോർ കോൺക്ലേവ്' എന്ന സെമിനാറിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നാരായൺ റാണെ.

'നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളിലൊന്നായി മാറി. അദ്ദേഹത്തിന് ഒപ്പം നിൽക്കാൻ പ്രാപ്തിയുള്ള ഒരു നേതാവും പ്രതിപക്ഷത്തില്ല. ഇപ്പോൾ മാത്രമാണ് ഇന്ത്യ സഖ്യം ഒന്നിച്ച് നിൽക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ സീറ്റുകൾക്കായി പോരാട്ടം തുടങ്ങും'- നാരായൺ റാണെ പറഞ്ഞു.

വനിത സംവരണ ബിൽ നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് കാലതാമസം ഉണ്ടാകില്ലെന്നും കോൺഗ്രസിന് വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ മാത്രമാണ് താൽപര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.