പട്‌ന: ഛത്തീസ്‌ഗഡിൽ അധികാരം നിലനിർത്തിയാൽ ജാതി സെൻസസ് നടത്തുമെന്നു മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ബിഹാറിൽ നിതീഷ് കുമാർ നടത്തിയതിനു സമാനമായി ഛത്തീസ്‌ഗഡിൽ ജാതി സെൻസസ് നടത്താനുള്ള പദ്ധതിക്കു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പിന്തുണ പ്രഖ്യാപിച്ചതായി ഭൂപേഷ് ബാഗേൽ പറഞ്ഞു.

''ഛത്തീസ്‌ഗഡിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ ഉടൻ തന്നെ ജാതി സെൻസസ് നടത്തും''- ഭൂപേഷ് ബാഗേൽ എക്‌സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) കുറിച്ചു. പ്രതിപക്ഷ മുന്നണി 'ഇന്ത്യ'യിലെ അംഗങ്ങളാണു കോൺഗ്രസും നിതീഷ് കുമാറിന്റെ ജെഡിയുവും. ബിഹാർ കണക്കുകൾ പുറത്തുവന്നതിനു പിന്നാലെ രാജ്യമാകെ ജാതി സെൻസസ് വേണമെന്നു പ്രതിപക്ഷ മുന്നണി വീണ്ടും ആവശ്യപ്പെട്ടിരുന്നു.

ബിഹാറിലെ ജനസംഖ്യയിലെ 63.13% പേർ ഇതര പിന്നാക്ക ജാതികളാണെന്നും അതിൽത്തന്നെ 36.01% പേർ അതിപിന്നാക്കമാണെന്നും വ്യക്തമാക്കുന്നതാണ് ആക്ടിങ് ചീഫ് സെക്രട്ടറി വിവേക് കുമാർ സിങ് പരസ്യപ്പെടുത്തിയ കണക്കുകൾ. 1931 ലാണു രാജ്യത്ത് അവസാനം ജാതി സെൻസസ് നടന്നത്. തുടർന്നിങ്ങോട്ടു പട്ടിക വിഭാഗങ്ങളുടെ കണക്കുമാത്രമാണു സെൻസസിൽ പ്രത്യേകമായി തിട്ടപ്പെടുത്തുന്നത്. 1931 ലേതുമായി താരതമ്യം ചെയ്യുമ്പോൾ ബിഹാറിൽ ഇതര പിന്നാക്ക വിഭാഗങ്ങളുടെ എണ്ണത്തിൽ 10% വർധനയുണ്ട്. ഇവരിൽത്തന്നെ ഏറ്റവും കൂടുതലുള്ളത് യാദവരാണ് 14.26%.