ന്യൂഡൽഹി: ജാതി സെൻസസ് അനിവാര്യമാണെന്നും അത് നടപ്പാക്കാൻ വൈകിപ്പോയെന്നും ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. പിന്നോക്ക സമുദായത്തിന്റെ അവസ്ഥ അറിഞ്ഞാൽ മാത്രമേ അവരെ സാമ്പത്തികമായി സഹായിക്കാൻ കഴിയുകയുള്ളൂ തേജസ്വി യാദവ് വ്യക്തമാക്കി. ബിഹാറിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും ആർജെഡിക്ക് ഒപ്പമാണ്. അതിനാൽ ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടാൻ രൂപീകരിച്ച ഇന്ത്യ മുന്നണിയിൽ പ്രതീക്ഷയുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു.

പുതിയ സെൻസസ് പ്രകാരം ബീഹാറിൽ പിന്നോക്ക വിഭാഗത്തിൽ 27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തിൽ 36.01 ശതമാനവും ജനങ്ങളുണ്ട്. എന്നാൽ മുന്നോക്ക വിഭാഗത്തിലാകട്ടെ 15.52 ശതമാനം പേർ മാത്രമാണുള്ളത്. ബീഹാറിൽ മുസ്ലിം വിഭാഗം 17.6 ശതമാനവുമുണ്ട്. ബീഹാറിലെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കണക്കുകൾ പുറത്തുവിട്ടത്. 'ഇന്ത്യ' മുന്നണി ജാതി സെൻസസ് നടത്തണമെന്ന് ദേശീയ തലത്തിൽ ആവശ്യമുന്നയിക്കുമ്പോൾ ബീഹാറിൽ നിതീഷ് കുമാർ സർക്കാർ ജാതി സെൻസസ് പുറത്തുവിടുന്നത് പ്രസക്തമാവുകയാണ്. ജാതിസെൻസസ് രാജ്യത്തുടനീളം നടപ്പാക്കുന്നതിന്റെ തുടക്കമാണിതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കുകയും ചെയ്തു.