ഭോപാൽ: മധ്യപ്രദേശ് നിയമസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഒക്ടോബർ 15ന് പ്രഖ്യാപിക്കും. പി.സി.സി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥും ഈ പട്ടികയിലുണ്ടാകുമെന്ന് പാർട്ടിവൃത്തങ്ങൾ വ്യക്തമാക്കി.

15നാണ് നവരാത്രി ആഘോഷം തുടങ്ങുന്നത്. സംസ്ഥാനത്ത് പിതൃബലിതർപ്പണപക്ഷാചരണം നടക്കുന്നതിനാലാണ് കോൺഗ്രസ് സ്ഥനാർഥിപ്പട്ടിക പ്രഖ്യാപിക്കുന്നത് നീട്ടിയതെന്ന് നേരത്തെ കമൽനാഥ് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 14 വരെയാണ് പിതൃപക്ഷാചരണം.

അഞ്ചു സർവേകളുടെ അടിസ്ഥാനത്തിൽ 230 മണ്ഡലങ്ങളിലേക്ക് കോൺഗ്രസ് രണ്ടു പട്ടികകൾ തയാറാക്കിയിരുന്നു. രാഹുൽ ഗാന്ധിക്കു വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവും കമൽനാഥിനുവേണ്ടി മറ്റൊരു സർവേയും നടത്തിയിരുന്നു.

90 സിറ്റിങ് എംഎ‍ൽഎമാരും 15 മുൻ എംഎ‍ൽഎമാരും ആദ്യ പട്ടികയിലുണ്ടാകുമെന്നാണ് കരുതുന്നത്. കമൽനാഥ് ചിന്ദ്‌വാരയിൽതന്നെ ജനവിധി തേടും. രണ്ടാം പട്ടിക തയാറാക്കാൻ കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ഉടൻ ചേരുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബിജെപി നാലു ഘട്ടങ്ങളിലായി 136 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.