ന്യൂഡൽഹി: നവംബർ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മിസോറമിൽ ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ദേശീയ സെക്രട്ടറി അനിൽ ആന്റണിയെ പാർട്ടി നേതൃത്വം ചുമതലപ്പെടുത്തി. കേന്ദ്രമന്ത്രി കിരൺ റിജിജുവിനാണ് സംസ്ഥാനത്തിന്റെ പ്രധാന ചുമതല ബിജെപി നൽകിയിരിക്കുന്നത്. അനിൽ ആന്റണിക്കും നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാൻതുംഗോ പാറ്റണിനും സഹചുമതല നൽകിയതായി ബിജെപി ദേശീയ നേതൃത്വം അറിയിച്ചു.

നവംബർ ഏഴിനാണ് മിസോറമിൽ 40 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 3നാണ് വോട്ടെണ്ണൽ. 2018ൽ നടന്ന തിരഞ്ഞെടുപ്പിൽ 26 സീറ്റുമായി മിസോ നാഷ്ണൽ ഫ്രണ്ടാണ് സംസ്ഥാനത്ത് അധികാരത്തിൽ എത്തിയത്. സോറം പീപ്പിൾസ് മൂവ്‌മെന്റ്7, കോൺഗ്രസ്5, ബിജെപി1 എന്നിങ്ങനെയായിരുന്നു മറ്റുകക്ഷികളുടെ സീറ്റ് നില. ഛത്തീസ്‌ഗഡ് യൂണിറ്റ് പ്രസിഡന്റായി ജതീന്ദർപൽ മൽഹോത്രയെ ബിജെപി നിയമിച്ചു. പുതിയ നിയമനങ്ങളെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ശരിവച്ചതായി പാർട്ടിവൃത്തങ്ങൾ അറിയിച്ചു.