ഹൈദരാബാദ്: തെലങ്കാനയിൽ അധികാരം നിലനിർത്തിയാൽ ഗ്യാസ് സിലണ്ടറിന് 400 രൂപയാക്കുമെന്ന് ബി.ആർ.എസ്. സാമൂഹ്യ സുരക്ഷാ പെൻഷൻ തുക വർധിപ്പിക്കുമെന്നും കർഷകർക്കുള്ള നിക്ഷേപ സഹായ പദ്ധതിക്ക് കീഴിൽ നൽകുന്ന സാമ്പത്തിക സഹായം വർദ്ധിപ്പിക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കികൊണ്ട് ബി.ആർ.എസ് മേധാവിയും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവു പറഞ്ഞു.

സംസ്ഥാനത്ത് ദാരിദ്ര്യരേഖക്ക് താഴെയുള്ള 93 ലക്ഷം കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നും നിലവിൽ 2016 രൂപയിലുള്ള സാമൂഹിക സുരക്ഷാ പെൻഷൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിമാസം 5000 രൂപയായി ഉയർത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

ഭിന്നശേഷിക്കാരുടെ പെൻഷൻ വരുന്ന അഞ്ച് വർഷത്തിനുള്ളിൽ നിലവിലെ 4016 രൂപയിൽ നിന്ന് 6016 രൂപയായി ഉയർത്തുമെന്നും ഓരോ ഗ്യാസ് സിലിണ്ടറിനും 400 രൂപ നിരക്കിൽ അർഹരായ ഗുണഭോക്താക്കൾക്ക് നൽകും. ബാക്കി തുക സംസ്ഥാന സർക്കാർ വഹിക്കുമെന്നും കെ.ചന്ദ്രശേഖർ റാവു പറഞ്ഞു.

ഭആരോഗ്യ ശ്രീ' ആരോഗ്യ പദ്ധതിക്ക് കീഴിൽ യോഗ്യരായ എല്ലാ ഗുണഭോക്താക്കൾക്കും 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ബി.ആർ.എസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.തന്റെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ സർക്കാർ രൂപീകരിച്ച് ആറേഴു മാസത്തിനുള്ളിൽ നടപ്പാക്കുമെന്നും പറഞ്ഞു.