ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് സംസ്ഥാന അധ്യക്ഷൻ കമൽ നാഥിന്റെ നേതൃത്വത്തിലായിരിക്കുമെന്ന് പാർട്ടി വ്യക്താവ് ചരൺ സിങ് സപ്ര. വ്യക്തമായ സമീപനത്തോടെയാണ് പാർട്ടി മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

144 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ നേതാവായ കമൽനാഥിന്റെ പേര് ഞങ്ങൾ പ്രഖ്യാപിച്ചു. ഈ തീരുമാനത്തിൽ ഞങ്ങൾക്ക് വ്യക്തതയുണ്ട്. 18 വർഷമായി ഉയർന്ന പദവിയിൽ സേവനമനുഷ്ഠിച്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ നാലാം പട്ടികയിലാണ് സ്ഥാനാർത്ഥിയായി ബിജെപി തെരഞ്ഞെടുത്തത്. ബിജെപി നേതൃത്വത്തിന് അദ്ദേഹത്തിൽ വിശ്വാസമില്ലെന്നാണ് ഇത് തെളിയിച്ചതെന്ന് ചരൺ സിങ് സപ്ര പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, ഫഗ്ഗൻ സിങ് കുലസ്തെ എന്നിവരുൾപ്പെടെ ഏഴ് എംപിമാരെ രംഗത്തിറക്കിയാണ് ബിജെപി ചൗഹാനെ ഒഴിവാക്കിയതെന്നും പരാജയം മുൻകൂട്ടി കണ്ടതോടെ ബിജെപിയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഞായറാഴ്ച രാവിലെയാണ് മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാര മണ്ഡലത്തിൽ നിന്നാണ് മുൻ മുഖ്യമന്ത്രി കമൽനാഥ് ജനവിധി തേടുന്നത്.