ശ്രീനഗർ: ജമ്മു കശ്മീരിൽ ബോംബ് സ്‌ഫോടനത്തിൽ സൈനികന് പരിക്ക്. രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ചാണ് സൈനികന് പരിക്കേറ്റത്. ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം കാര്യം സ്ഥിരീകരിച്ചത്.

നൗഷേര സെക്ടറിലെ ഫോർവേഡ് കൽസിയാൻ ഗ്രാമത്തിൽ വച്ചാണ് സംഭവം. കുഴിബോംബിന് മുകളിൽ സൈനികൻ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന റൈഫിൾമാൻ ഗുരുചരൺ സിങ് എന്ന സൈനികനാണ് അപകടത്തിൽ പരിക്കേറ്റത്.

സൈനികനെ ഉടൻ തന്നെ അടുത്തുള്ള സൈനിക ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഉധംപൂരിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് ഹെലികോപ്റ്ററിൽ എത്തിച്ചു.