- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ഇടപെടണം; കേന്ദ്രത്തോട് എം.കെ സ്റ്റാലിൻ
ചെന്നൈ: ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത തമിഴ്നാട്ടിൽ നിന്നുള്ള 27 മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ഉടൻ ഇടപെടണമെന്ന് കേന്ദ്രസർക്കാരിനോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായും മത്സ്യബന്ധന ബോട്ടുകൾ വിട്ടുകിട്ടാനും കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് എഴുതിയ കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഒക്ടോബർ 14ന് അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് രാമേശ്വരം സ്വദേശികളായ 23 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുകയും അവരുടെ നാല് ബോട്ടുകൾ പിടികൂടുകയും ചെയ്തിരുന്നു. മറ്റൊരു സംഭവത്തിൽ നാല് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അവരുടെ ബോട്ട് പിടികൂടുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും വിട്ടുകിട്ടാൻ നയതന്ത്ര നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയോട് അഭ്യർത്ഥിച്ചു.
ആവർത്തിച്ചുള്ള അറസ്റ്റുകളും പിടിച്ചെടുക്കലുകളും മത്സ്യത്തൊഴിലാളികളിൽ ഭയം ഉളവാക്കിയിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന്റെ ഉപജീവനമാർഗം അപകടത്തിലാണെന്നും കത്തിൽ പറയുന്നു. മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വരുമാനനഷ്ടം ഉണ്ടാകുക മാത്രമല്ല മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന എണ്ണമറ്റ വ്യക്തികളുടെ ഭക്ഷ്യസുരക്ഷ അപകടത്തിലാകുകയും ചെയ്യുമെന്നും അതിനാൽ ആവർത്തിച്ചുള്ള ഇത്തരം അറസ്റ്റുകളുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വളരെ വലുതാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്