പട്‌ന: കർഷകന്റെ മകളായതിനാൽ കൃഷിയെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും രാഷ്ട്രപതി പദമൊഴിഞ്ഞാൽ ഗ്രാമത്തിലേക്കു മടങ്ങി കൃഷിയിൽ ഏർപ്പെടുമെന്നും ദ്രൗപദി മുർമു. ബിഹാർ സർക്കാരിന്റെ നാലാം കൃഷി ഭൂപടം പ്രകാശനം ചെയ്യുകയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമു.

ബിഹാറിലെ കാർഷിക വികസനം സംബന്ധിച്ചു സംസ്ഥാന കൃഷി മന്ത്രിയുമായും കർഷക പ്രതിനിധികളുമായും രാഷ്ട്രപതി ചർച്ച നടത്തി. ബിഹാറിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയതാണു രാഷ്ട്രപതി.

ബിഹാറിലെ പാടങ്ങളിലെല്ലാം 2025 ആകുമ്പോഴേക്കും ജലലഭ്യത ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. ബിഹാറിലെ കാർഷിക മേഖലയിൽ വൻ മാറ്റത്തിനു കൃഷി ഭൂപടം വഴിയൊരുക്കുമെന്നു നിതീഷ് പ്രതീക്ഷ പ്രകടിപ്പിച്ചു.