ഹൈദരാബാദ്: ഒന്നാം വർഷ വിദ്യാർത്ഥിനി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി അറിയിച്ചും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി ഹൈദരാബാദിലെ ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ. പ്രതിഷേധത്തേത്തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റു െചയ്തു.

സംഭവത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ വൈകിയെന്നും യൂണിവേഴ്‌സിറ്റിയിലെ ഹെൽത്ത് സെന്റർ, അതിജീവിതയ്ക്ക് മതിയായ പരിചരണം നൽകിയില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ബുധനാഴ്ച രാത്രിയാണ് അക്രമികൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്.

പഴയ ഹെൽത്ത് സെന്ററിനു സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിക്ക് പിന്നീട് പ്രാഥമിക ചികിത്സ നൽകി. ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ടു ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് പീഡനം നടന്നത്. പ്രധാന സെക്യൂരിറ്റി ചെക്ക്‌പോസ്റ്റിൽനിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് അതിക്രമം നടന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.