- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാജ്യത്ത് ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ തെലങ്കാനയിൽ; ഇ.ഡി.യോ, സിബിഐ.യോ ആദായനികുതി വിഭാഗമോ തിരിഞ്ഞുനോക്കുന്നില്ല; കെ.സി. ആറിനെ മോദി അറസ്റ്റുചെയ്യുന്നില്ല'; വിമർശിച്ച് രാഹുൽ ഗാന്ധി
ഹൈദരാബാദ്: രാജ്യത്ത് ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ തെലങ്കാനയിലെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ളതാണെന്നും എന്നാൽ ഇ.ഡി.യോ, സിബിഐ.യോ ആദായനികുതി വിഭാഗമോ സംസ്ഥാനത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലങ്കാനയിൽ ബി.ആർ.എസും ബിജെപി.യും അസദുദ്ദീൻ ഒവൈസിയുടെ മജ്‌ലിസ് പാർട്ടിയും ഒറ്റക്കെട്ടായി കോൺഗ്രസിനെ കടന്നാക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
''ഒരൊറ്റ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ഈ സർക്കാർ. അഴിമതിയുടെ കൂത്തരങ്ങായിട്ടും മുഖ്യമന്ത്രി റാവുവിനെ നരേന്ദ്ര മോദി അറസ്റ്റുചെയ്യുന്നില്ല. ഇ.ഡി.യോ, സിബിഐ.യോ ആദായനികുതിവിഭാഗമോ ഇങ്ങോട്ടു തിരിഞ്ഞുനോക്കുന്നില്ല.
രാജ്യത്തെ മറ്റു മിക്കപ്രതിപക്ഷപാർട്ടികളുടെയും നേതാക്കളെ കേന്ദ്രഏജൻസികൾ വേട്ടയാടുകയാണ്. 24 കേസുകളാണ് എനിക്കു നേരെയുള്ളത്. എന്നെ ലോക് സഭയിൽനിന്ന് അയോഗ്യനാക്കി, വീട്ടിൽനിന്ന് ഇറക്കിവിട്ടു. എന്നാൽ തെലങ്കാന മുഖ്യമന്ത്രിക്കെതിരേ ഒരു ചെറുവിരൽപോലും അനക്കില്ല. ബിജെപിയും ബി.ആർ.എസും തമ്മിലുള്ള രഹസ്യബാന്ധവമാണ് അതിന് കാരണം''- രാഹുൽ ആരോപിച്ചു. വിജയഭേരി തിരഞ്ഞെടുപ്പു പ്രചാരണയാത്രയുടെ ഭാഗമായി നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ബിജെപി.യെ സംസ്ഥാനത്ത് കോൺഗ്രസ് ഇതിനകം തോൽപ്പിച്ചുകഴിഞ്ഞു. അവരിപ്പോൾ ബി.ആർ.എസുമായി ചേർന്ന് കോൺഗ്രസിനെ തകർക്കാൻശ്രമിക്കുകയാണ്. മജ്‌ലിസ് പാർട്ടിയും ഒപ്പം ചേരുന്നു- രാഹുൽ കുറ്റപ്പെടുത്തി. തെലങ്കാനയിൽ കോൺഗ്രസിന് അധികാരം ലഭിച്ചാൽ ജാതിസെൻസസ് നടത്തുമെന്നും അർഹതപ്പെട്ടവർക്ക് ആനുകൂല്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 30-ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മൂന്നു ദിവസമാണ് രാഹുൽ തെലങ്കാനയിൽ തങ്ങുന്നത്. പ്രചാരണത്തിന് തുടക്കംകുറിക്കാൻ വ്യാഴാഴ്ച പ്രിയങ്ക ഗാന്ധിയുമെത്തിയിരുന്നു. ലോക പൈതൃകപ്പട്ടികയിലുൾപ്പെടുന്ന മുലുഗുവിലെ രാമപ്പ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചശേഷമാണ് ഇരുവരും വിജയഭേരി ബസ്യാത്ര തുടങ്ങിയത്. പ്രിയങ്ക പിന്നീട് ഡൽഹിയിലേക്ക് മടങ്ങി.