- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി സഖ്യത്തിന്റെ പേരിൽ ജെഡിഎസിലെ വിള്ളൽ; പിളർപ്പിന് നീക്കവുമായി കോൺഗ്രസ്; എംഎൽഎമാരെയടക്കം ബന്ധപ്പെട്ട് ഡി കെ ശിവകുമാർ
ബെംഗളൂരു: ബിജെപി സഖ്യത്തിന്റെ പേരിൽ കർണാടകയിലെ ജെഡിഎസിലുണ്ടായ വിള്ളൽ മുതലെടുക്കാൻ നീക്കവുമായി കോൺഗ്രസ്. ജെ.ഡി.എസിനെ പിളർത്തി എംഎൽഎമാരെ ഒപ്പംകൂട്ടാനാണ് കോൺഗ്രസ് നീക്കം. 19 എംഎൽഎ.മാരിൽ 13 പേരെയെങ്കിലും അടർത്താനാണ് നീക്കം നടത്തുന്നത്. ഉപമുഖ്യമന്ത്രിയും കെപിസിസി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജെ.ഡി.എസ്. വിമത നേതാക്കളുമായി ബന്ധപ്പെട്ടതായാണ് റിപ്പോർട്ട്.
അടർത്തിമാറ്റുന്ന എംഎൽഎമാർക്ക് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയിൽനിന്ന് രക്ഷപ്പെടാനുള്ള അംഗസംഖ്യയാണ് കോൺഗ്രസ് ലക്ഷ്യംവയ്ക്കുന്നത്. പാർട്ടിയിൽ ഭൂരിപക്ഷം എംഎൽഎമാരുടേയും പിന്തുണ തനിക്കാണെന്ന് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നീക്കം ചെയ്ത സി.എം.ഇബ്രാഹിം അവകാശപ്പെട്ടിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് നീക്കം.
കൂറുമാറ്റ നിരോധന നിയമപ്രകാരം മൂന്നിൽ രണ്ട് വിഭാഗത്തിന്റെ പിന്തുണ ലഭിക്കണം. ഇവരെ കൂട്ടിയോജിപ്പിച്ച് നിയമസഭാ കക്ഷി പദവി ആവശ്യപ്പെട്ട് നിലകൊള്ളുന്നതുവഴി കൂറുമാറ്റ നിരോധന നിയമത്തിൽനിന്ന് രക്ഷപ്പെടാം. അതിനിടെ സ്വന്തം നിലയ്ക്ക് ജെ.ഡി.എസ്. വിട്ടുപോവാൻ തയ്യാറായി കോൺഗ്രസിനെ സമീപിച്ചവരുണ്ടെന്ന് കൃഷി മന്ത്രി എൻ. ചലുവരയ്യ സ്വാമി പറഞ്ഞു. 2018-ലെ തിരഞ്ഞെടുപ്പിനു മുൻപ് ജെ.ഡി.എസ്. വിട്ട് കോൺഗ്രസിലെത്തിയ ഏഴ് എംഎൽഎ.മാരിൽ ഒരാളാണ് ചലുവരയ്യസ്വാമി.
കോൺഗ്രസ് ഇതാദ്യമായല്ല ജെ.ഡി.എസ് എംഎൽഎ.മാരെ പിളർത്തുന്നത്. നേരത്തേ 2013-18 ഭരണ കാലയളവിൽ ഏഴ് എംഎൽഎ.മാരെ ജെ.ഡി.എസിൽനിന്ന് അടർത്തിയിരുന്നു.
താനാണ് യഥാർഥ ജെ.ഡി.എസ്. പ്രസിഡന്റെന്നും പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അണികളും തനിക്കൊപ്പമാണെന്നുമാണ് സി.എം. ഇബ്രാഹിം അവകാശപ്പെട്ടത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടും അദ്ദേഹത്തിന്റെ വിമത നീക്കങ്ങൾ ദേവ ഗൗഡ - കുമാരസ്വാമി പക്ഷത്തിന് വിമത നീക്കങ്ങൾ കൂടുതൽ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
ബിജെപി.യുമായി അടിയന്തര ചർച്ചയ്ക്കൊരുങ്ങിയിരിക്കുകയാണ് ഗൗഡയും കുമാരസ്വാമിയും. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കേ കർണാടകയിലെ ഈ പിളർപ്പ് ജെ.ഡി.എസിന് വലിയ ആഘാതമാണ് സൃഷ്ടിക്കുക എന്നാണ് വിലയിരുത്തൽ