ഡൽഹി: സൈന്യത്തെ രാഷ്ട്രവൽക്കരിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. സർക്കാർ പ്രചാരണത്തിനായി സൈന്യത്തെ ഉപയോഗിക്കരുതെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്.

ഈ മാസം ഒക്ടോബർ 18ന് ഇറങ്ങിയ ഉത്തരവ് പ്രകാരം സർക്കാരിന്റെ ഒൻപത് വർഷത്തെ നേട്ടങ്ങൾ പ്രചരിപ്പിക്കുവാൻ വേണ്ടി സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിവിധ ജില്ലകളിൽ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നു. ഈ ഉത്തരവിനെതിരെയാണ് കോൺഗ്രസിന്റെ കത്ത്.

തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ മറ്റു രാഷ്ട്രീയ പാർട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളുടെ വീട്ടിലേക്ക് അന്വേഷണ ഏജൻസികളെ അയക്കുന്ന കേന്ദ്ര നടപടിക്കെതിരെയും കത്തിൽ വിമർശനമുണ്ട്.