ന്യൂഡൽഹി: ഉത്സവ സീസണിലെ തിരക്കുകൾ പരിഗണിച്ച് രാജ്യത്ത് 283 സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ദീപാവലി, നവരാത്രി, ഛാത്ത് പൂജ എന്നീ ആഘോഷങ്ങൾ ഒരുമിച്ച് എത്തിയതോടെയാണ് ട്രെയിനുകളിൽ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. അതുകൊണ്ട് തന്നെ ട്രെയിനുകൾ 4,480 അധിക സർവ്വീസുകൾ നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഈസ്റ്റേൺ സെൻട്രൽ റെയിൽവേ ഡിവിഷനിൽ നിന്നും 42 ട്രെയിനുകൾ 512 സർവീസും പശ്ചിമ റെയിൽവേ 36 ട്രെയിനുകളിലായി 1,262 സർവീസും ഈ ഉത്സവ സീസണിൽ നടത്തും. നോർത്ത് വെസ്റ്റേൺ റെയിൽവേ 24 ട്രെയിനുകളാണ് സ്പെഷ്യൽ സർവീസ് നടത്തുന്നത്.

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് തടയാൻ റെയിൽവേ പ്രത്യേക സ്‌ക്വാഡ് തയ്യാറാക്കുകയും യാത്രക്കാരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് ഉറപ്പുവരുത്താൻ ടിക്കറ്റ് പരിശോധിക്കുന്നവർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. വരുമാന ചോർച്ച തടയുകയും യാത്രക്കാർക്ക് സുരക്ഷിത യാത്ര ഒരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉത്സവ സീസൺ ആയതുകൊണ്ട് തന്നെ കേരളത്തിലേക്കുള്ള ദീർഘദൂര ട്രെയിനുകളിലും സ്പെഷ്യൽ ട്രെയിനുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിലേക്കുള്ള യാത്രക്കാർക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്.