ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതി രാജ്യത്തിന് അപകടകരമാണെന്നും അത് ഇന്ത്യൻ സൈന്യത്തെ ദുർബലപ്പെടുത്തുമെന്നും വിമർശിച്ച് കോൺഗ്രസ്. നരേന്ദ്ര മോദി സർക്കാർ സൈന്യത്തിൽ രണ്ട് തരം സൈനികരെ സൃഷ്ടിച്ചുവെന്ന് കോൺഗ്രസ് എക്‌സ് സർവിസ്‌മെൻ വിഭാഗം മേധാവി കേണൽ രോഹിത് ചൗധരി കുറ്റപ്പെടുത്തി.

ഈ പദ്ധതി രാജ്യത്തിനോ യുവാക്കൾക്കോ നല്ലതല്ല. ഇന്ത്യൻ കരസേനയുടെ അംഗബലം 14.25 ലക്ഷമാണ്. പ്രതിവർഷം 75,000 പേർ വിരമിക്കുന്നു. ഈ ഒഴിവിൽ പ്രതിവർഷം 46,000 അഗ്‌നിവീരന്മാരെ മാത്രമേ റിക്രൂട്ട് ചെയ്യൂ. അഞ്ച് വർഷത്തിന് ശേഷം സൈന്യത്തിന്റെ അംഗബലം 10 ലക്ഷമായി കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സേവന വ്യവസ്ഥകൾ, അർഹത, ബഹുമാനം എന്നിവയിലും രക്തസാക്ഷിത്വത്തിനു ശേഷം പോലും അഗ്‌നിവീറുകളും മറ്റ് സൈനികരും തമ്മിൽ വ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിയാചിനിൽ അഗ്‌നിവീർ സൈനികൻ അക്ഷയ് ലക്ഷ്മണന്റെ മരണത്തെത്തുടർന്ന് അക്ഷയ് ലക്ഷ്മണിന്റെ രക്തസാക്ഷിത്വം അങ്ങേയറ്റം ദുഃഖകരമാണെന്നും സേവന വേളയിൽ ഒരു യുവാവ് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് പെൻഷൻ പോലും ഇല്ലെന്നും ഇന്ത്യയുടെ ധീരരായ യോദ്ധാക്കളെ അപമാനിക്കാനുള്ള പദ്ധതിയാണ് അഗ്‌നിവീറെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

രാഹുൽ പറഞ്ഞത് സത്യമാണെന്നും അഗ്‌നിവീർ പദ്ധതിയെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകൾ യാഥാർഥ്യമാകുകയാണെന്നും കേണൽ ചൗധരി പറഞ്ഞു. ആറ് മാസത്തെ പരിശീലനം കൊണ്ട് സിയാച്ചിൻ പോലുള്ള ഒരു സ്ഥലത്ത് നിയമിതനാകാനുള്ള പ്രാപ്തി ഒരു സൈനികന് ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.