ഇംഫാൽ: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും ജനങ്ങൾ സന്തുഷ്ടരാകുമെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. ഇംഫാലിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു ബിരേൻ സിങ്.

നിരോധിത തീവ്രവാദ സംഘടനയായ സി.കെ.എൽ.എയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത മണിപ്പൂർ പൊലീസിനെ മുഖ്യമന്ത്രി നേരത്തെ അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്തെ ലക്ഷ്യമിട്ട് ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അറസ്റ്റ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂർ പൊലീസും കേന്ദ്ര സായുധ സേനയും നടത്തിയ അന്വേഷണത്തിൽ മ്യാന്മർ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ സി.കെ.എൽ.എയിൽ നിന്ന് ആയുധങ്ങൾ, വെടിമരുന്ന്, മയക്കുമരുന്ന്, പണം എന്നിവ പിടികൂടിയിട്ടുണ്ട്. മണിപ്പൂരിലെ നിലവിലെ അശാന്തി മുതലെടുത്ത് ഇന്ത്യാ സർക്കാറിനെതിരെ യുദ്ധം ചെയ്യാൻ മ്യാന്മറും ബംഗ്ലാദേശും ആസ്ഥാനമാക്കിയ തീവ്രവാദ സംഘടനകൾ രാജ്യാന്തര ഗൂഢാലോചന നടത്തിയെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നുവെന്ന് ബിരേൻ സിങ് പറഞ്ഞു.