ന്യൂഡൽഹി: ഭാര്യ ബിരുദധാരിയായതിനാൽ ജോലി ചെയ്യാൻ നിർബന്ധിക്കാനാവില്ലെന്നും വേർപിരിഞ്ഞ ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാൻ മനഃപൂർവം ജോലി ചെയ്യുന്നില്ലെന്ന് കരുതാനാവില്ലെന്നും ഡൽഹി ഹൈക്കോടതി.

ബിരുദമുള്ളതിനാൽ ഭാര്യക്ക് നൽകേണ്ട ഇടക്കാല ജീവനാംശം പ്രതിമാസം 25,000 രൂപയിൽ നിന്ന് 15,000 രൂപയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ഭാര്യ ബിരുദധാരിയാണെന്നത് നിഷേധിക്കാനാവില്ലെന്നും അവർക്ക് നിലവിൽ ജോലി ലഭിച്ചിട്ടില്ലെന്നും കുടുംബകോടതി നിശ്ചയിച്ച ഇടക്കാല ജീവനാംശത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഭർത്താവിൽ നിന്ന് ഇടക്കാല ജീവനാംശം വാങ്ങിയെടുക്കുക എന്ന ഉദ്ദേശത്തോടെ മാത്രം മനഃപൂർവം ജോലി ചെയ്യാത്തതാണ് എന്നും കരുതാനാവില്ലെന്നും ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

അതേസമയം, മെയിന്റനൻസ് തുക വർധിപ്പിക്കണമെന്നുള്ള ഭാര്യയുടെ ആവശ്യം കോടതി വിസമ്മതിച്ചു. എന്ത് കാരണം മൂലമാണ് തുക വർധിപ്പിക്കേണ്ടത് എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും വിഷയം കുടുംബക്കോടതി ന്യായമായി പരിഗണിച്ചിട്ടുണ്ടെന്നും അതിൽ മാറ്റം വരുത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു.

എന്നാൽ, ഭർത്താവ് ഇടക്കാല ജീവനാംശം നൽകുന്നതിൽ കാലതാമസം വരുത്തിയാൽ പ്രതിദിനം 1,000 രൂപ പിഴ ഈടാക്കുന്നത് നിർത്തലാക്കുകയും പകരം പ്രതിവർഷം 6 ശതമാനം പലിശ ഭാര്യയ്ക്ക് നൽകാനും നിർദേശിച്ചു. വ്യവഹാരച്ചെലവുകൾ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയാൽ പ്രതിദിനം 550 രൂപ പിഴ ചുമത്തുന്നതും മാറ്റിയിട്ടുണ്ട്.