ജിദ്ദ: നിക്ഷേപ പങ്കാളിത്ത സാധ്യതകൾ ചർച്ച ചെയ്ത് വിലയിരുത്തി ഇന്ത്യയും സൗദിയും. റിയാദിൽ ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് ആണ് ഇരുരാജ്യങ്ങളിലെയും വാണിജ്യ നിക്ഷേപകരുടെ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, സൗദി ചേംബർ പ്രസിഡന്റ് ഹസൻ ബിൻ മുഅ്ജബ് അൽഹുവൈസി, നിയുക്ത സെക്രട്ടറി വലീദ് അൽഅരീനാൻ, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചാപരിപാടിയിൽ ഇരു രാജ്യങ്ങളിലെയും കമ്പനികളുടെ നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.

'വിഷൻ 2030'ൽ ലക്ഷ്യമിടുന്ന മേഖലകളിലെ നിക്ഷേപ അന്തരീക്ഷവും അവസരങ്ങളും, ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തം, ഇന്ത്യയിലെ സാമ്പത്തിക പ്രവണതകളും സംഭവവികാസങ്ങളും, സൗദി ബിസിനസ്സ് ഉടമകൾക്ക് ലഭ്യമായ അവസരങ്ങൾ എന്നിവയാണ് മുഖ്യമായും വിഷയമായത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ചതായി മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

140 കോടി ജനസംഖ്യയുള്ള ഒരു വലിയ വിപണിയിൽ വിദേശ നിക്ഷേപകർക്ക് നല്ല പ്രോത്സാഹനത്തോടെ ബിസിനസ് നടത്താൻ പറ്റിയ ഒരു സവിശേഷ സാമ്പത്തിക, നിക്ഷേപ കേന്ദ്രമായി ഇന്ത്യ മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മൊത്തം കയറ്റുമതിയിൽ പ്രതിവർഷം രണ്ട് ലക്ഷം കോടി ഡോളർ കൈവരിക്കാൻ ലക്ഷ്യമിടുന്ന സാമ്പത്തിക കാഴ്ചപ്പാട് ഇന്ത്യക്കുണ്ട്. സൗദിയുടെ 'വിഷൻ 2030' ഉം സാമ്പത്തിക ഇടനാഴി സംരംഭവും ഇരു രാജ്യങ്ങളും തമ്മിലുള്ള അന്താരാഷ്ട്ര വ്യാപാരത്തിനും സഹകരണത്തിനും പുതിയ ചക്രവാളങ്ങൾ തുറക്കും. അവ സംയുക്ത നിക്ഷേപത്തിന്റെ ഭാവി വാഗ്ദാനവും മഹത്തരവുമാണ്. സൗദി വിപണിയിൽ പ്രവേശിക്കാനും അതിലെ വിശാലമായ അവസരങ്ങളിൽ നിന്ന് പ്രയോജനം നേടാനും ഇന്ത്യൻ കമ്പനികൾ ആഗ്രഹം പ്രകടിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

75 വർഷത്തിലേറെയായി സൗദിയുടെ പ്രധാന സാമ്പത്തിക പങ്കാളികളിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് സൗദി ചേംബേഴ്സ് പ്രസിഡന്റ് ഹസൻ അൽഹുവൈസി പറഞ്ഞു. ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി. 2022-ൽ 196 ശതകോടി റിയാൽ വ്യാപാരം നടത്തി. രണ്ടാമത്തെ വലിയ ഊർജ വിതരണക്കാരാണ്. 51 ശതമാനം വളർച്ച കൈവരിച്ചു. സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ പങ്കിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു. വാണിജ്യ, നിക്ഷേപ പങ്കാളിത്തത്തിലെ അടിസ്ഥാന സ്തംഭമായും ഗുണപരമായ കുതിച്ചുചാട്ടമായും അതിനെ കണക്കാക്കുന്നു. ഹരിത ഹൈഡ്രജൻ, ഉൽപ്പാദനം, ഊർജം, കൃഷി, ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സംയുക്ത പങ്കാളിത്തം സജീവമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ബിസിനസ് ഉടമകൾ തമ്മിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും സൗദി ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ പ്രധാന പങ്ക് വഹിച്ചതായി കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽഖഹ്താനി വിശദീകരിച്ചു. സൗദി കമ്പനികൾക്ക് ഇന്ത്യ ഒരു പ്രധാന വിപണിയായി മാറി. ഇന്ത്യൻ നിക്ഷേപകർക്ക് സൗദിയിൽ അവസരങ്ങൾ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചക്കിടയിൽ ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. സൗദിയിലേയും ഇന്ത്യയിലെയും ബിസിനസ് ഉടമകളും കമ്പനികളും തമ്മിലുള്ള വ്യാപാര, നിക്ഷേപ സഹകരണ ബന്ധങ്ങൾ വികസിപ്പിക്കുക, ഇരു ചേംബറുകൾ തമ്മിലുള്ള ഏകോപനവും സഹകരണവും ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.