- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർ പ്രദേശിൽ 'ബാനർ' പോരാട്ടം; രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി എന്നെഴുതിയ ബാനറുമായി കോൺഗ്രസ്
ലഖ്‌നോ: പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരെന്നതിനെച്ചൊല്ലി ഉത്തർ പ്രദേശിൽ 'ഇന്ത്യ' മുന്നണിയിലെ പാർട്ടികൾ തമ്മിൽ 'ബാനർ' പോരാട്ടം. അഖിലേഷ് യാദവിന് പിന്നാലെ രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയെന്നെഴുതിയ ബാനറുകൾ പ്രത്യക്ഷപ്പെട്ടു. ഉത്തർപ്രദേശിൽ പാർട്ടിയുടെ ലഖ്‌നോ ഓഫീസിന് മുമ്പിലായാണ് ബാനറുകൾ ഉയർന്നത്.
2024ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും യു.പി യൂനിറ്റ് ചീഫ് അജയ് റായ് സംസ്ഥാന മുഖ്യമന്ത്രിയാകുമെന്നുമാണ് ബാനറിൽ കുറിച്ചിരിക്കുന്നത്. പാർട്ടി പ്രവർത്തകനായ താക്കൂർ നിതാന്ത് സിങ് നിതിൻ ആണ് ബാനറുകൾ സ്ഥാപിച്ചതെന്നാണ് റിപ്പോർട്ട്. കോൺഗ്രസിന്റെ ലക്ഷ്യങ്ങളും നയങ്ങളും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ബാനറും സമാന രീതിയിൽ ഉയർന്നിരുന്നു. അഖിലേഷ് യാദവ് അടുത്ത പ്രധാനമന്ത്രി എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ലഖ്‌നോവിലെ എസ്‌പി ഓഫീസിന് മുന്നിലായിരുന്നു ബാനർ ഉയർന്നത്. സംഭവം ചർച്ചയായതോടെ വിശദീകരണവുമായി അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു.
ബാനറുകൾ സ്ഥാപിച്ചതുകൊണ്ട് മാത്രം ആരും പ്രധാനമന്ത്രിയാകില്ലെന്നും ഒരു പ്രവർത്തകൻ അപ്രകാരം പോസ്റ്റർ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തി അദ്ദേഹത്തിന്റെ ആഗ്രഹം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സമാജ് വാദി പാർട്ടിയുടെ ലക്ഷ്യം ബിജെപിയെ പുറത്താക്കുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.