ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ടെൽ അവീവിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കിയത് നവംബർ രണ്ടുവരെ ദീർഘിപ്പിച്ചതായി എയർ ഇന്ത്യ. ഒക്ടോബർ ഏഴിനാണ് എയർ ഇന്ത്യ തെൽ അവീവിലേക്കും തിരിച്ചുമുള്ള സർവിസുകൾ നിർത്തിവെച്ചത്. ആഴ്ചയിൽ അഞ്ച് സർവിസുകളാണ് എയർ ഇന്ത്യ ടെൽ അവീവിലേക്ക് നടത്തിയിരുന്നത്.

അതിനിടെ, വടക്കൻ ഗസ്സയിൽ ടാങ്കുകൾ ഉപയോഗിച്ച് കരയാക്രമണം നടത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. വ്യാഴാഴ്ചയാണ് ടാങ്കുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയ വിവരം ഇസ്രയേൽ അറിയിച്ചത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

നേരത്തെ കരയുദ്ധത്തിനായി തയ്യാറെടുത്തുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് നെതന്യാഹുവിന്റെ പരാമർശം. 344 കുട്ടികൾ ഉൾപ്പെടെ ഗസ്സയിൽ ബുധനാഴ്ച 756 പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ കൊല്ലപ്പെട്ടവർ 6546 ആയി.