ഭുവനേശ്വർ: ക്ലാസിൽ സ്ഥിരമായി വൈകി വരുന്നതിനെ ചോദ്യം ചെയ്തതിന് വിദ്യാർത്ഥിയുടെ അടിയേറ്റ് ചികിത്സയിലായിരുന്ന കോളേജ് അദ്ധ്യാപകൻ മരിച്ചു. ഒഡിഷ ഝർസുഗുഡ ജില്ലയിലെ കാട്ടപ്പള്ളി പി.കെ.എസ്.എസ്. ഡിഗ്രി കോളേജിലെ ലക്ചററായ അമിത് ബാരിക്കാണ് ബുർളയിലെ വിംസർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

2023 ഫെബ്രുവരി 22-നാണ് വിദ്യാർത്ഥിയുടെ ആക്രമണത്തിൽ അമിതിന് ഗുരുതരമായ പരിക്കേറ്റത്. ഏഴുമാസമായി ബുർളയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.

വിദ്യാർത്ഥി ക്ലാസിൽ വൈകിവന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂരമായ മർദനത്തിൽ കലാശിച്ചതെന്നാണ് അമിതിന്റെ ബന്ധുക്കൾ പ്രതികരിച്ചത്. കേസിലെ പ്രതിയായ വിദ്യാർത്ഥി മിക്കദിവസവും ക്ലാസിൽ വൈകിയെത്തുന്നയാളായിരുന്നു. ഫെബ്രുവരി 22-നും ഇയാൾ ക്ലാസിലെത്താൻ വൈകി. എന്നാൽ, പ്രിൻസിപ്പലിനെ കണ്ടതിന് ശേഷം ക്ലാസിൽ പ്രവേശിച്ചാൽ മതിയെന്നായിരുന്നു അദ്ധ്യാപകനായ അമിതിന്റെ നിർദ്ദേശം.

ഇതിനുപിന്നാലെ വിദ്യാർത്ഥി അദ്ധ്യാപകനുമായി തർക്കിച്ചു. ഇതിനിടെയാണ് മറ്റുവിദ്യാർത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ ക്രൂരമായി ആക്രമിച്ചത്. മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമിതിനെ ആദ്യം ഝർസുഗുഡ ജില്ലാ ആശുപത്രിയിലും പിന്നീട് വിംസർ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

അദ്ധ്യാപകനെ മർദിച്ച കേസിൽ പ്രതിയായ വിദ്യാർത്ഥിയെ സംഭവദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇയാൾ ജാമ്യത്തിലാണെന്നാണ് പൊലീസ് നൽകുന്നവിവരം. ചികിത്സയിലായിരുന്ന അദ്ധ്യാപകൻ മരിച്ചതിനാൽ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്നും കോടതിയുടെ നിർദ്ദേശം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.