ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ടോ ഇടതുമുന്നണിയായോ മത്സരിക്കാൻ തയ്യാറെടുത്ത് സിപിഎം. എട്ട് ജില്ലകളിലായി 16 മുതൽ 18 വരെ മണ്ഡലങ്ങളിൽ പാർട്ടി പോരാട്ടത്തിനിറങ്ങും. ഇക്കുറി മത്സരിക്കാത്ത മറ്റിടങ്ങളിൽ ബിജെപി.ക്കെതിരേ കോൺഗ്രസിനെ തുണച്ചേക്കും. ഈ മാസം 27-ന് ആരംഭിക്കുന്ന, പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളിലായിരിക്കും തീരുമാനം.

2018 ൽ 28 മണ്ഡലങ്ങളിൽ മത്സരിച്ച സിപിഎമ്മിന് നിലവിൽ രാജസ്ഥാൻ നിയമസഭയിൽ രണ്ടംഗങ്ങളുണ്ട്. ആദിവാസിമേഖലയിൽ ഉൾപ്പെട്ട രണ്ട് മണ്ഡലങ്ങളിൽ സിപിഐ.എം.എലിനെ സിപിഎം. പിന്തുണച്ചേക്കും. ഹനുമാൻഗർ ജില്ലയിലെ ഭദ്ര മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ബൽവൻ പുനിയ, ബികാനേർ ജില്ലയിലെ ശ്രീദുംഗാർഗറിൽനിന്നുള്ള ഗിരിധാരിലാൽ എന്നിവരാണ് നിലവിൽ സിപിഎമ്മിന്റെ സിറ്റിങ് എംഎ‍ൽഎ.മാർ. 2018-ലെ തിരഞ്ഞെടുപ്പിൽ ഭദ്രയിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായപ്പോൾ ശ്രീദുംഗാർഗറിൽ കോൺഗ്രസിനെയാണ് നേരിട്ട് സിപിഎം. തോൽപ്പിച്ചത്.