ന്യൂഡൽഹി: വാഹന പരിശോധനയ്ക്കിടെ അമിത വേഗത്തിലെത്തിയ കാർ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഡൽഹി കൊണാട്ട് പ്ലേയ്‌സിലെ മാർക്കറ്റിലാണ് ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ അപകടമുണ്ടായത്.

ബാരിക്കേഡിനു സമീപത്തായി വാഹനം പരിശോധിക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ. അമിത വേഗത്തിലെത്തിയ കാർ ഉദ്യോഗസ്ഥനെയും ബാരിക്കേഡും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വായുവിൽ മലക്കം മറിഞ്ഞാണ് ഉദ്യോഗസ്ഥൻ താഴെ വീണത്. കാലിനും തലയ്ക്കും പരുക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.

അപകടത്തിനുശേഷം കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്നും പൊലീസ് അറിയിച്ചു.