ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ ഡൽഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനിഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. അന്വേഷണ ഏജൻസി ആറു മുതൽ എട്ടു മാസത്തിനുള്ളിൽ വിചാരണ തീർക്കണമെന്നും കോടതി നിർദേശിച്ചു. നടപടികൾ വേഗത്തിലായില്ലെങ്കിൽ സിസോദിയയ്ക്ക് വീണ്ടും ജാമ്യാപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വിഎൻ ഭട്ടി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട വാദത്തിൽ അന്വേഷണ ഏജൻസികൾക്ക് എതിരെ ശക്തമായ നിരീക്ഷണം കോടതി നടത്തിയിരുന്നു. വിചാരണവേളയിൽ ഈ കേസ് തള്ളി പോകുമെന്നതടക്കം നീരീക്ഷണങ്ങൾ ഉണ്ടായി. എന്നാൽ 388 കോടി രൂപയുടെ കൈമാറ്റം തെളിക്കാനായെന്നും അതിനാൽ ജാമ്യം തള്ളുകയാണെന്നും കോടതി പറഞ്ഞു. മദ്യനയം രൂപീകരിച്ചതിലൂടെ ആം ആദ്മി പാർട്ടിയും മനീഷ് സിസോദിയ ഉൾപ്പടെയുള്ളവരും സാമ്പത്തിക നേട്ടമുണ്ടാക്കി എന്നാണ് അന്വേഷണ ഏജൻസികളുടെ ആക്ഷേപം.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിൽ പങ്കുണ്ടെന്നു കാണിച്ച് സിസോദിയയെ സിബിഐ അറസ്റ്റു ചെയ്തത്. ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ സിസോദിയയെ തടവിൽ വയ്ക്കാൻ കഴിയില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ കോടതിയുടെ എല്ലാ ചോദ്യങ്ങൾക്കും മതിയായ മറുപടി നൽകിയിട്ടില്ലെന്ന് കോടതി ഇന്നും ആവർത്തിച്ചു.

സംസ്ഥാന സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ എഎപി നേതാവ് സഞ്ജയ് സിങ്ങിനെ ഒക്ടോബർ നാലിന് സിബിഐ അറസ്റ്റു െചയ്തിരുന്നു. 2021-22ലെ ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതും സിബിഐ അന്വേഷണം തുടങ്ങിയതും. തുടർന്ന് മദ്യനയം സർക്കാരിനു പിൻവലിക്കേണ്ടി വന്നു. കേസുമായി ബന്ധപ്പെട്ട് ഏപ്രിലിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഒൻപതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

നയരൂപീകരണത്തിൽ മദ്യക്കമ്പനികളുടെ ഇടപെടലുണ്ടായെന്നും സ്ഥാപനങ്ങൾക്ക് 12 ശതമാനം ലാഭം ലഭിക്കുന്ന അവസ്ഥ ഉണ്ടായെന്നും സിബിഐ കണ്ടെത്തി. 'സൗത്ത് ഗ്രൂപ്പ്' എന്നറിയപ്പെടുന്ന മദ്യലോബി ഇതിനായി വൻതുക കൈക്കൂലി നൽകിയെന്നും സിബിഐ ആരോപിക്കുന്നു. 12 ശതമാനം ലാഭത്തിൽനിന്ന് ആറ് ശതമാനം ഇടനിലക്കാർ വഴി പൊതുപ്രവർത്തകർക്കു ലഭിച്ചുവെന്നും സിബിഐ അവകാശപ്പെടുന്നു. കൈക്കൂലിയായി ലഭിച്ച പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസാണ് ഇഡി അന്വേഷിക്കുന്നത്.