ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മറാത്ത സംവരണ പ്രക്ഷോഭത്തിൽ വ്യാപക അക്രമം. ബീഡ് ജില്ലയിൽ എൻ.സി.പി എംഎ‍ൽഎ പ്രകാശ് സോളങ്കെയുടെ വീടിനു തീയിട്ടു. വീടിനു പുറത്ത് നിർത്തിയിട്ടിരുന്ന വാഹനം കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തു. മറാത്താ സംവരണ പ്രക്ഷോഭകർ വീട് തല്ലി തകർത്ത ശേഷം തീയിടുകയായിരുന്നു. എംഎൽഎയും ബന്ധുക്കളും വീട്ടിലുണ്ടായിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്.

നൂറുകണക്കിന് പ്രക്ഷോഭകർ വീടിന് മുന്നിലെത്തി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഏതാനം പൊലീസുകാർ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. പൊലീസ് നോക്കി നിൽക്കെ പ്രക്ഷോഭകർ ഗേറ്റ് തകർത്ത് കടന്നശേഷം വീട്ടിലേക്ക് കല്ലെറിയുകയായിരുന്നു. വീടിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളും അടിച്ചുതകർത്തു. വീടിന്റെ ജനൽ ചില്ലുകളും മറ്റും തകർത്തശേഷമാണ് തീയിട്ടത്.

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിലെ അംഗമാണ് സോളങ്കെ. അടുത്തിടെയാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി എംഎ‍ൽഎമാർ ഷിൻഡെ സഖ്യത്തിനൊപ്പം ചേർന്നത്.

ആക്രമണം നടക്കുമ്പോൾ താൻ വീടിനകത്തുണ്ടായിരുന്നുവെന്നും ഭാഗ്യവശാൽ കുടുംബാംഗങ്ങൾക്ക് ആർക്കും പരിക്കില്ലെന്നും സോളങ്കെ പ്രതികരിച്ചു. എന്നാൽ വീടിനും മറ്റ് വസ്തുക്കൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും സോളങ്കെ അറിയിച്ചു.

ഒക്ടോബർ 25 മുതൽ ക്വോട്ട അനുകൂല പ്രവർത്തകൻ മനോജ് ജരാംഗെ പാട്ടീൽ നടത്തുന്ന നിരാഹാര സമരത്തിനെതിരെയുള്ള പരാമർശങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. ഒരു ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത വ്യക്തി ഇന്ന് ഒരു മിടുക്കനായി മാറിയിരിക്കുന്നു എന്നായിരുന്നു സോളങ്കെയുടെ പരിഹാസം.

ഇതിന്റെ ഓഡിയോ ക്ലിപ്പ് പ്രചരിച്ചിരുന്നു. എംഎ‍ൽഎയുടെ വീടിന് തീയിട്ട നടപടിയെ എൻ.സി.പി അപലപിച്ചു. മഹാരാഷ്ട്രയിലെ ട്രിപ്പിൾ എൻജിൻ സർക്കാർ സമ്പൂർണ പരാജയമാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ സമ്പൂർണ പരാജയമാണിത് കാണിക്കുന്നതെന്ന് എൻ.സി.പി നേതാവ് സുപ്രിയ സുലെ ആരോപിച്ചു. സമരം തെറ്റായ ദിശയിലാണെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആരോപിച്ചു.