ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് കുത്തേറ്റു. എംപി കൊത്ത പ്രഭാകർ റെഡ്ഡിക്കാണ് കുത്തേറ്റത്. സിദ്ദിപെട്ട് ജില്ലയിൽ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. പാസ്റ്ററുടെ വീട്ടിലേക്ക് പോകവെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ബി.ആർ.എസിന്റെ സ്ഥാനാർത്ഥിയാണ് റെഡ്ഡി.

അജ്ഞാതനായ ഒരാൾ ഹസ്തദാനം നൽകാനെന്ന വ്യാജേന അടുത്തെത്തി എംപിയുടെ വയറ്റിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. എംപിയെ ഉടൻ ഗജ്വേൽ സർക്കാർ ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

അക്രമിയെ ബി.ആർ.എസ് പ്രവർത്തകൾ നന്നായി പിടികൂടി കൈകാര്യം ചെയ്തു. പിന്നീട് പൊലീസിന് വിട്ടുകൊടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് സിദ്ദിപെട്ട് പൊലീസ് കമ്മീഷണർ എൻ. ശ്വേത പറഞ്ഞു.

നവംബർ 30ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ദുബ്ബകയിൽ നിന്നാണ് ജനവിധി തേടുന്നത്. ബിജെപി എംഎ‍ൽഎ രഘുനന്ദൻ ആണ് എതിരാളി. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു എംപി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് റെഡ്ഡി എ.പിയായത്.