ബെംഗളൂരു: ബെംഗളൂരു വീരഭദ്രനഗറിലെ നൈസ് റോഡിൽ ബസ് ഡിപ്പോയിലുണ്ടായ തീപ്പിടിത്തത്തിൽ 18 ബസ്സുകൾ കത്തിയമർന്നു. പി.ഇ.എസ്. യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള സ്വകാര്യ ബസ് ഡിപ്പോയിലാണ് തീ പിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ 11:45-ഓടെയാണ് സംഭവം. ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന 18 ബസ്സുകളും പൂർണ്ണമായി കത്തിനശിച്ചതായി ഫയർ സർവ്വീസ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.

പത്തോളം ഫയർ എഞ്ചിനുകളുടെ സഹായത്തോടെ നൂറുകണക്കിന് ഫയർഫോഴ്‌സ് അംഗങ്ങൾ നടത്തിയ വലിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. ഡിപ്പോയിൽ എളുപ്പം തീ പിടിക്കുന്ന വസ്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. തീ പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സംശയിക്കുന്നത്.