- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുലിപ്പേടിയിൽ ബെംഗളുരു നഗരം; നഗരത്തിലെ പലയിടങ്ങളിലായി പുലിയിറങ്ങിയ ദൃശ്യങ്ങൾ പുറത്ത്; ജാഗ്രതാ നിർദ്ദേശം
ബെംഗളൂരു: ബെന്നാർഘട്ട വന്യജീവി സംരക്ഷണകേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയ പുലിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പുലിപ്പേടിയിൽ ബെംഗളുരു നഗരം. ഇന്ന് പുലർച്ചെ കുട്‌ലു ഗേറ്റിലും ശനിയാഴ്ച രാത്രി സിംഗസാന്ദ്രയിലെ ഒരു ഫ്‌ളാറ്റ് സമുച്ചയത്തിലും പുലിയെ കണ്ടതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും വനം വകുപ്പും നിർദേശിച്ചു.
കുട്‌ലു ഗേറ്റിന് അടുത്തായി ഹൊസൂർ റോഡിൽ പുലിയെ കുടുക്കാൻ രണ്ട് കെണികൾ വനം വകുപ്പ് സ്ഥാപിച്ചു. പകൽ കുട്ടികളെ അടക്കം പുറത്ത് വിടുന്നത് ശ്രദ്ധിച്ച് വേണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പുലിയെ കണ്ട മേഖലകൾക്ക് തൊട്ടടുത്താണ് ബെന്നാർഘട്ട വന്യജീവി സംരക്ഷണകേന്ദ്രം. ഇവിടെ നിന്ന് പുറത്ത് ചാടിയ പുലിയാകാം നഗരത്തിൽ കറങ്ങി നടക്കുന്നത് എന്നാണ് വനംവകുപ്പിന്റെ നിഗമനം.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തെക്കൻ ബെംഗളുരുവിലെ പ്രധാന റെസിഡൻഷ്യൽ മേഖലയായ കുട്‌ലു ഗേറ്റിലെ ഐടി പാർക്കിന് മുന്നിലെ റോഡിലാണ് പുലിയെ കണ്ടത്. രാത്രി പട്രോളിംഗിന് ഇറങ്ങിയ പൊലീസുകാരാണ് ദൂരെ റോഡിൽ പുലി നടക്കുന്നത് ശ്രദ്ധിച്ചത്. അർദ്ധരാത്രിയായിരുന്നതിനാൽ റോഡിൽ അധികം പേരുണ്ടായിരുന്നില്ല.
പുലിയുടെ അടുത്തേക്ക് പോകരുതെന്നും, പരമാവധി അകലം പാലിക്കണമെന്നും റോഡിലുണ്ടായിരുന്നവരോട് നിർദേശിച്ച പൊലീസുദ്യോഗസ്ഥർ, തൊട്ടടുത്തുള്ള മരങ്ങൾ നിറഞ്ഞ സ്ഥലത്തേക്ക് പുലി നടന്ന് പോയ ശേഷമാണ് വാഹനവുമായി മുന്നോട്ട് പോയത്.
ശനിയാഴ്ച രാത്രി വൈറ്റ് ഫീൽഡിലും ഇലക്ട്രോണിക് സിറ്റിയിലും പുലിയെ കണ്ടെന്ന പേരിൽ ഒരു ദൃശ്യം പ്രചരിച്ചിരുന്നു. എന്നാലിത് ബൊമ്മനഹള്ളിക്ക് അടുത്തുള്ള സിംഗസാന്ദ്രയിലെ ഒരു അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ നിന്നാണെന്ന് വ്യക്തമായി.
രാത്രിയാത്രക്കാർ ശ്രദ്ധിക്കണമെന്നും കൊച്ചുകുട്ടികളെ പകലും ഒറ്റയ്ക്ക് പുറത്തുവിടരുതെന്നും വനംവകുപ്പ് കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. ഹൊസൂർ റോഡിൽ കുട്‌ലു പാർക്കിനടുത്തുള്ള പ്രദേശങ്ങളിലായി വനംവകുപ്പ് രണ്ട് കെണികൾ സ്ഥാപിച്ചിട്ടുണ്ട്. ഐടി സ്ഥാപനങ്ങളും നിരവധി വീടുകളും ഉള്ള മേഖലയിലാണ് പുലിയെ കണ്ടത് എന്നതിനാൽ, എത്രയും പെട്ടെന്ന് പുലിയെ പിടികൂടി തിരികെ വനത്തിലേക്ക് തുറന്നുവിടാനുള്ള ശ്രമം തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.