- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നഗരങ്ങളിൽ മലിനീകരണ തോത് വർധിക്കുന്നു; അഞ്ച് സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീംകോടതി
ന്യൂഡൽഹി: നഗരങ്ങളിൽ മലിനീകരണ തോത് വർധിക്കുന്ന സാഹചര്യത്തിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളോട് മലിനീകരണ പ്രശ്നം നേരിടാൻ നടപ്പാക്കിയ നടപടികളുടെ വിശദമായ കണക്ക് സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സുധാൻഷു ധൂലിയ, പി.കെ. മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ഒരാഴ്ച സമയം നൽകി. വിഷയം നവംബർ ഏഴിന് വീണ്ടും പരിഗണിക്കും.
ഭാവിതലമുറയിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് വിഷയത്തിൽ ഗുരുതരമായ ആശങ്ക ഉന്നയിച്ച കോടതി ചൂണ്ടിക്കാട്ടി. പുറത്തിറങ്ങാൻ സാധിക്കാത്ത തരത്തിൽ മലിനീകരണം ബുദ്ധിമുട്ടുണ്ടാക്കിയെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. അന്തരീക്ഷത്തിൽ പുകയും വിഷവാതകങ്ങളും മറ്റു രാസപദാർഥങ്ങളും കലരുന്നതുമൂലമാണ് അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നത്. മനുഷ്യന്റേയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടേയും നിലനിൽപ്പിന് തന്നെ ഇത് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി വിശദമായ കണക്ക് നൽകാൻ ആവശ്യപ്പെട്ടത്.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വിളകൾ കത്തിക്കുന്നതാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ശക്തമായ കാറ്റാണ് മലിനീകരണത്തിന്റെ മറ്റൊരു കാരണമെന്ന് വാദത്തിനിടെ അഭിഭാഷകൻ ചൂണ്ടികാട്ടിയപ്പോൾ 'ശക്തമായ ഭരണകൂട കാറ്റാ'ണിവിടെ വേണ്ടതെന്നായിരുന്നു ബെഞ്ചിന്റെ വാദം.
എയർ ക്വാളിറ്റി ഇൻഡക്‌സ് (എ.ക്യു.ഐ), തീപിടിത്തങ്ങളുടെ എണ്ണം തുടങ്ങിയവ ഉൾപ്പെടെ നിലവിലെ സാഹചര്യം വിശദമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട് സുപ്രീം കോടതി നിർദേശിച്ചു. ഡൽഹിയിലും പരിസരങ്ങളിലും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനോട് സുപ്രീം കോടതി നേരത്തെ റിപ്പോർട്ട് തേടിയിരുന്നു.
ന്യൂസ് ഡെസ്ക്