- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേശീയ പതാക ചിഹ്നമായി എവിടെയും ഉപയോഗിക്കുന്നില്ല; 'ഇന്ത്യ'ക്കെതിരായ പൊതുതാത്പര്യ ഹർജി നിലനിൽക്കില്ല; ഹർജി തള്ളണമെന്ന് പ്രതിപക്ഷം ഡൽഹി ഹൈക്കോടതിയിൽ
ന്യൂഡൽഹി: 'ഇന്ത്യ' സഖ്യത്തിനെതിരായ ഹർജി നിലനിൽക്കുന്നതല്ലെന്ന് പ്രതിപക്ഷ സഖ്യം ഡൽഹി ഹൈക്കോടതിയിൽ. ഹർജി തള്ളണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദേശീയ പതാക സഖ്യം ചിഹ്നമായി എവിടെയും ഉപയോഗിക്കുന്നില്ലെന്ന് സഖ്യം ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്നത് കോടതി നവംബർ 22 ലേക്ക് മാറ്റി
മനു അഭിഷേക് സിങ്‌വിയാണ് പ്രതിപക്ഷ പാർട്ടികൾക്കു വേണ്ടി ഹാജരായത്. ഇന്ത്യ സഖ്യത്തിനെതിരായ പൊതുതാത്പര്യ ഹർജി നിലനിൽക്കില്ലെന്ന് ഡൽഹി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ വാദിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് ഇന്ത്യ എന്ന പേര് നൽകിയതിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചത്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളിൽ ഇടപെടാൻ കമ്മീഷന് അധികാരം ഇല്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. കേരള ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
26 പ്രതിപക്ഷ കക്ഷികൾ ചേർന്ന് ഇന്ത്യൻ നാഷണൽ ഡവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് രൂപീകരിച്ചതും ഇന്ത്യയെന്ന ചുരുക്ക പേര് നൽകിയതും ചോദ്യം ചെയ്ത് ഗിരീഷ് ഭരദ്വാജ് എന്നയാൾ നൽകിയ പൊതു താത്പര്യ ഹർജിയിലാണ് കമ്മീഷൻ സത്യവാങ്മൂലം ഫയൽ ചെയ്തത്.