മുംബൈ: ബോളിവുഡ് പാർട്ടികളിൽ നിന്ന് സ്ഥിരമായി വിട്ടു നിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടൻ സണ്ണി ഡിയോൾ. സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഞാൻ മദ്യപിക്കാറില്ല. കൂടാതെ അൽപ്പം ലജ്ജയുള്ള ആളാണ് ഞാൻ. എന്നെ സംബന്ധിച്ചിടത്തോളം, ജോലിക്ക് ശേഷം എവിടെയെങ്കിലും സമാധത്തോടെ വിശ്രമിക്കണമെന്നാണ്. കൂടാതെ ഞാൻ വളരെ നേരത്തെ ഉറക്കം എഴുന്നേൽക്കുന്ന ആളാണ്, ഈ പാർട്ടികൾ അവസാനിക്കാൻ വളരെ വൈകും'- സണ്ണി ഡിയോൾ പറഞ്ഞു.

ആരും ശ്രദ്ധിക്കപ്പെടാത്ത സ്ഥലങ്ങളിൽ യാത്ര പോകാനാണ് ഇഷ്ടമെന്നും സണ്ണി ഡിയോൾ വ്യക്തമാക്കി. ഭാര്യ പൂജ ഡിയോൾ പൊതുവേദികളിൽ നിന്ന് വിട്ടു നിൽക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.

ഒരു ഇടവേളക്ക് ശേഷം സണ്ണി ഡിയോൾ സിനിമയിൽ വീണ്ടും സജീവമായിട്ടുണ്ട്. ഓഗസ്റ്റ് 11 ന് പുറത്തിറങ്ങിയ ഗദർ 2 വൻ വിജയമായിരുന്നു. 60 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഏകദേശം 691.08 കോടിയോളം ബോക്‌സോഫീസിൽ നിന്ന് നേടിയിരുന്നു. 2001 ൽ പുറത്തിറങ്ങിയ ഗദറിന്റെ രണ്ടാംഭാഗമാണ് ഈ ചിത്രം.

നിതേഷ് തിവാരിയുടെ രാമായണമാണ് സണ്ണി ഡിയോളിന്റെ പുതിയ ചിത്രം. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് ചിത്രത്തിൽ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.