കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില 102 രൂപ വർധിച്ചു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് എണ്ണ കമ്പനികൾ കുത്തനെ ഉയർത്തിയത്. വിലവർധനവോടെ പുതുക്കിയ വില 1842 രൂപയായി. കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉൾപ്പെടെ ഉയരുന്ന സാഹചര്യമുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷമാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് പാചക വാതക വില കൂടുന്നത്.

എന്നാൽ വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. സാധാരണ എണ്ണകമ്പനികൾ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 102 രൂപ കൂടി വർധിപ്പിച്ചതെന്നാണ് വിവരം. ഹോട്ടൽ മേഖലയിലുള്ളവർക്ക് സിലിണ്ടർ വില വർധിപ്പിച്ചത് തിരിച്ചടിയാകും. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചിട്ടില്ലെങ്കിലും ഹോട്ടൽ മേഖലയിലുള്ളവരെ വലിയരീതിയിലുള്ള വിലവർധനവ് ബാധിക്കും. പുതുക്കിയ വില 1842 രൂപയായി. ഡൽഹിയിൽ 1833 രൂപയാണ് വില.

അവശ്യസാധനങ്ങളുടെ വിലവർധനവിന് പുറമെ പാചകവാതകത്തിന്റെയും വില കൂടുന്നത് ഹോട്ടലുകളിൽ സാധനങ്ങൾക്ക് വില കൂട്ടും. തൽകാലം പെട്രോൾ-ഡീസൽ നിരക്ക് കൂട്ടില്ല. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ വർധനവില്ല. ഡൽഹിയിൽ എൽപിജി സിലിണ്ടറിന് 903 രൂപയും കൊൽക്കത്തയിൽ 14 കിലോ സിലിണ്ടറിന്റെ വില 929 രൂപയുമാണ്. ഒക്ടോബർ 1 നും വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചിരുന്നു.