ന്യൂഡൽഹി: യുനെസ്‌കോയുടെ സാഹിത്യ നഗരപദവി നേടിയ കോഴിക്കോടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിത്യകലയോടുള്ള കോഴിക്കോടിന്റെ അഭിനിവേശം ആഗോളതലത്തിൽ ഇടം നേടിയതായി മോദി എക്സിൽ വ്യക്തമാക്കി. യുനെസ്‌കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൽ കോഴിക്കോടുൾപ്പെടെ 55 നഗരങ്ങളാണ് ചൊവ്വാഴ്ച ഇടംപിടിച്ചത്.

യുനെസ്‌കോയുടെ 'സാഹിത്യ നഗരം' ബഹുമതി ലഭിച്ചതോടെ സാഹിത്യ കലയോടുള്ള കോഴിക്കോടിന്റെ അഭിനിവേശം ആഗോളതലത്തിൽ ഇടം നേടിയിരിക്കുന്നു. ഊർജ്ജസ്വലമായ സാഹിത്യ പാരമ്പര്യമുള്ള ഈ നഗരം പഠനത്തെയും കഥാകഥനത്തെയും പ്രതിനിധാനം ചെയ്യുന്നു. സാഹിത്യത്തോടുള്ള കോഴിക്കോടിന്റെ അഗാധമായ സ്നേഹം ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും പ്രചോദിപ്പിക്കുന്നത് തുടരട്ടെ.- പ്രധാനമന്ത്രി കുറിച്ചു.

സംഗീതനഗരപദവിനേടിയ ഗ്വാളിയോർ മാത്രമാണ് പട്ടികയിൽ ഇന്ത്യയിൽനിന്ന് ഇടംനേടിയ മറ്റൊരുനഗരം.'കില'യുടെ സഹകരണത്തോടെയാണ് സാഹിത്യനഗരപദവിക്കായുള്ള കോഴിക്കോടിന്റെ ശ്രമംതുടങ്ങിയത്. കഴിഞ്ഞവർഷം സാഹിത്യനഗരശൃംഖലയിലുള്ള പ്രാഗിൽനിന്നുള്ള ഗവേഷകവിദ്യാർത്ഥി കോഴിക്കോട്ടെത്തി പ്രവർത്തനങ്ങൾ തുടങ്ങി. പിന്നീട് എൻ.ഐ.ടി., ഐ.ഐ.എം., വിദ്യാഭ്യാസസ്ഥാപനങ്ങൾ, വായനശാലകൾ, പ്രസാധകർ എന്നിവരെല്ലാം പ്രവർത്തനങ്ങളിൽ ഒപ്പംചേർന്നു.

വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സർഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തിൽ നൂതനമായ സമ്പ്രദായങ്ങൾ പ്രദർശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നൽകുന്നത്.