ചണ്ഡീഗഢ്: ബില്ലുകൾ പിടിച്ചുവയ്ക്കുന്നതിനെതിരെ ആംആദ്മി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ നിയമസഭയിൽ അവതരിപ്പിക്കാനുള്ള രണ്ട് ബില്ലുകൾക്ക് അംഗീകാരം നൽകി പഞ്ചാബ് ഗവർണർ. നേരത്തേ അംഗീകാരം നൽകാതെ പിടിച്ചുവച്ച ബില്ലുകൾക്കാണ് ഗവർണർ ബൻവാരിലാൽ പുരോഹിത് അംഗീകാരം നൽകിയത്. ബില്ലുകൾ ഗവർണർ തടഞ്ഞുവച്ചതിനെതിരെ എ.എ.പി. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.

ഒക്ടോബർ 20, 21 തീയതികളിലെ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരുന്ന മൂന്ന് ബില്ലുകളാണ് ഗവർണർ തടഞ്ഞുവച്ചത്. ബില്ലുകൾ തികച്ചും നിയമവിരുദ്ധ'മാണ് എന്ന് പറഞ്ഞാണ് പുരോഹിത് ബില്ലുകൾക്ക് അംഗീകാരം നൽകാതിരുന്നത്. ബില്ലുകൾ താൻ വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞ് നേരത്തേ ഗവർണർ മുഖ്യമന്ത്രി ഭഗവന്ത് മന്നിന് കത്തയച്ചിരുന്നു.

ഇതോടെ എ.എ.പി. സർക്കാർ ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ മൂന്നിൽ രണ്ട് ബില്ലുകൾക്ക് അംഗീകാരം നൽകുന്നത്. ധന ബില്ലുകൾ സഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി വേണമെന്ന പിടിവള്ളി ഉപയോഗിച്ചാണ് പുരോഹിത് ബില്ലുകൾ പിടിച്ചുവച്ചത്.

പഞ്ചാബ് ജി.എസ്.ടി. (ഭേദഗതി) ബിൽ 2023, ഇന്ത്യൻ സ്റ്റാമ്പ് (പഞ്ചാബ് ഭേദഗതി) ബിൽ 2023 എന്നീ ബില്ലുകൾ സഭയിൽ അവതരിപ്പിക്കാനാണ് ഗവർണർ ഇപ്പോൾ അംഗീകാരം നൽകിയത്. സംസ്ഥാനത്ത് ജി.എസ്.ടി. അപ്പ്ലെറ്റ് ട്രിബ്യൂണൽ രൂപവത്കരിക്കുന്നതിനും ഓൺലൈൻ ഗെയിമുകൾക്ക് ജി.എസ്.ടി. ചുമത്തുന്നതിനുമായുള്ള ബില്ലാണ് ആദ്യത്തേത്. വസ്തുവകകൾ പണയപ്പെടുത്തുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്നതിനുള്ള ബില്ലാണ് രണ്ടാമത്തെത്. അതേസമയം മൂന്നാമത്തെ ബില്ലായ പഞ്ചാബ് ഫിസ്‌കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് (ഭേദഗതി) ബില്ലിന് അംഗീകാരം ലഭിച്ചിട്ടില്ല.

ഈ വർഷം ഇത് രണ്ടാം തവണയാണ് ഗവർണർക്കെതിരെ പഞ്ചാബിലെ എ.എ.പി. സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. നേരത്തേ മാർച്ചിൽ ബജറ്റ് സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനം തിരിച്ചയച്ചതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം നിയമസഭ പാസാക്കിയ സിഖ് ഗുരുദ്വാരാസ് ബിൽ, പഞ്ചാബ് യൂണിവേഴ്സിറ്റീസ് ലോ, പഞ്ചാബ് പൊലീസ് ബിൽ, പഞ്ചാബ് അഫിലിയേറ്റഡ് കോളേജസ് ബിൽ എന്നീ നാല് ബില്ലുകൾക്ക് ഇതുവരെ ഗവർണറുടെ അംഗീകാരം ലഭിച്ചിട്ടില്ല. ജൂണിൽ നടന്ന സമ്മേളനത്തിൽ നിയമസഭ പാസാക്കിയ ബില്ലുകളാണ് ഇവ. നിയമവിരുദ്ധം എന്ന കാരണം തന്നെയാണ് ഈ ബില്ലുകൾ ഒപ്പിടാതിരിക്കാനും ഗവർണർ പറഞ്ഞത്.