തിരുനെൽവേലി: തമിഴ്‌നാട്ടിൽ ജാതിയും സ്വദേശവും ചോദിച്ച് ദളിത് യുവാക്കൾക്ക് നേരെ അതിക്രമം നടത്തിയ കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ മാസം 30-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മണിമൂർത്തിശ്വരം സ്വദേശികളായ മനോജ് കുമാർ, മാരിയപ്പൻ എന്നിവർക്കാണ് മർദനമേറ്റത്.

ഇവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി,ക്രൂരമായി മർദിച്ചു, ദേഹത്ത് മൂത്രം ഒഴിച്ചു. ദളിത് യുവാക്കൾക്ക് നേരെ നിഷ്ഠൂര അതിക്രമമാണ് ഉണ്ടായത്. ഇരുവരും താമിരഭരണിയിൽ കുളിക്കാൻ പോയി മടങ്ങുംവഴിയായിരുന്നു അക്രമം. പരാതിയുടെ അടിസ്ഥാനത്തിൽ തച്ചനല്ലൂർ പൊലീസ് പട്ടികജാതി- പട്ടികവർഗം(അതിക്രമങ്ങൾ തടയൽ) നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

താഴൈയൂത്ത് സ്വദേശി പൊന്നുമണി(25), തിരുമലൈകൊഴുന്തുപുരം സ്വദേശികളായ നല്ലമുത്ത് (21), ആയിറാം(19), രാമർ (22), ശിവ (22), ലക്ഷ്മണൻ (22) എന്നിവരാണ് അറസ്റ്റിലായത്.

മനോജും മാരിയപ്പനും വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് പുഴയരികിലിരുന്നു മദ്യപിക്കുകയായിരുന്ന പ്രതികൾ ഇവരെ തടഞ്ഞു നിർത്തി. സ്വദേശവും ജാതിയും ചോദിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദളിതരാണെന്നറിഞ്ഞതോടെ തങ്ങളെ ക്രൂരമായി മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ദേഹത്ത് മൂത്രം ഒഴിക്കുകയും ചെയ്തതായി ഇവർ പൊലീസിനോട് പറഞ്ഞു.

കൈവശമുണ്ടായിരുന്ന 5000 രൂപയും മൊബൈൽ ഫോണുകളും എ.ടി.എം കാർഡുകളും അപഹരിച്ചു. രാത്രി വരെ തടഞ്ഞു വച്ചു. അടുത്തുള്ള ബന്ധുവീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിക്കുകയും ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു.