ഭോപ്പാൽ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മൊറാർ സ്വദേശിയായ ജഗദീഷ് ജാതവ് ആണ് കൊല്ലപ്പെട്ടത്.

ഗ്വാളിയോറിലെ അന്ത്രിയിൽ രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. ജഗദീഷിന്റെ ബന്ധു ഉൾപ്പെടെ മൂന്ന് പേരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ഗ്വാളിയോർ പൊലീസ് പറഞ്ഞു.

ജഗദീഷിനെ തന്ത്രപരമായി വിളിച്ചുവരുത്തിയ പ്രതികൾ ലഹരിവസ്തുക്കൾ നൽകുകയും തുടർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. ജഗദീഷിന്റെ പേരിലുള്ള വിവിധ ഇൻഷുറൻസുകളുടെ തുകയായ 1.9 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതികൾ തന്നെയാണ് ജഗദീഷിനെ കൊണ്ട് ഇൻഷുറൻസ് പോളിസികൾ എടുപ്പിച്ചത്.

പതിമ്മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. ജഗദീഷിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു ആദ്ഘട്ട അന്വേഷണം. കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളും കുറ്റം സമ്മതിക്കുകയായിരുന്നു. മൂന്നാം പ്രതി ഒളിവിലാണ്.