റായ്പുർ: ഛത്തീസ്‌ഗഢിൽ ഒറ്റുകാരെന്നാരോപിച്ച് നാല് ഗ്രാമീണരെ മാവോവാദികൾ വധിച്ചു.നക്സൽ ബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് അക്രമസംഭവം ഉണ്ടായത്.

കാംകേറിലാണ് ആദ്യ സംഭവം നടന്നത്. പഖഞ്ചുരിലെ മൊർഖാന്ദി ഗ്രാമനിവാസികളായ കുല്ലെ കത്ലാമി (35), മനോജ് കൊവാച്ചി (22), ദുഗ്ഗെ കൊവാച്ചി (27) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും സി-60 കമാൻഡോകൾക്ക് വിവരം ചോർത്തി നൽകുന്നവരാണെന്ന് ആരോപിക്കുന്ന ലഘുലേഖകൾ അക്രമികൾ സ്ഥലത്ത് വിതറിയിരുന്നു.

ബിജാപൂർ സ്വദേശിയായ മുചാകി ലിംഗ (40) ആണ് രണ്ടാമത്തെ സംഭവത്തിൽ കൊല്ലപ്പെട്ടത്. ഒറ്റുകാരനെന്ന സംശയത്തെ തുടർന്നാണ് ഇയാളെയും മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്. കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം റോഡരികിലേക്ക് വലിച്ചെറിയുകയായിരുന്നു.

കൊലപാതകങ്ങൾക്ക് പിന്നാലെ അക്രമികളെ പിടികൂടാനായുള്ള കോംബിങ് ദൗത്യങ്ങൾ സുരക്ഷാസേന ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ മാവോയിസ്റ്റുകൾ 1700-ലേറെ സാധാരണക്കാരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്.