ലഖ്‌നോ: ദലിത് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മുറിച്ച സംഭവത്തിൽ പ്രതികളായ സഹോദരങ്ങൾ ഒളിവിൽ. യു.പിയിലെ ബന്ദയിലാണ് കൊടും ക്രൂരത നടന്നത്. പൊടിമില്ല് വൃത്തിയാക്കുന്നതിനായി രാജ്കുമാർ ശുക്ല എന്ന വ്യക്തിയുടെ വീട്ടിലെത്തിയതായിരുന്നു യുവതി.

കുറെ നേരമായിട്ടും അമ്മയെ കാണാതായതോടെ മകൾ അമ്മയെ തേടിയെത്തിയപ്പോൾ വീട്ടിലെ മുറിയിൽ നിന്ന് അമ്മയുടെ അലറിക്കരച്ചിൽ കേട്ടു. എന്നാൽ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് മുറി തുറന്നപ്പോൾ മൂന്നു ഭാഗങ്ങളായി മുറിച്ച നിലയിൽ അമ്മയുടെ മൃതദേഹം കിടക്കുന്നത് പെൺകുട്ടികണ്ടു. തുടർന്ന് ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

രാജ്കുമാർ ശുക്ല, ഇയാളുടെ സഹോദരന്മാരായ ബൗവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നുപേരും ഒളിവിലാണ്.